KOYILANDY DIARY

The Perfect News Portal

മാലിന്യ സംസ്കരണ നിയമ ലംഘകർക്കെതിരെ കർശന നടപടിയുമായി എൻഫോഴ്‌സ്‌മെന്റ്‌ സംഘം

പേരാമ്പ്ര: മാലിന്യ സംസ്കരണ നിയമ ലംഘകർക്കെതിരെ കർശനനടപടിയുമായി എൻഫോഴ്‌സ്‌മെന്റ്‌ സംഘം. കൊച്ചി ബ്രഹ്മപുരം വിഷയത്തിൽ ഹൈക്കോടതി വിധിയുടെ  പശ്ചാത്തലത്തിൽ ജില്ലയിൽ രൂപീകരിച്ച സ്ക്വാഡുകൾ വിവിധ സ്ഥലങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ്‌ തൽസമയ പിഴ ഉൾപ്പെടെ  നടപടിയെടുത്തത്‌. തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ചശേഷം സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന.
മാലിന്യം തരംതിരിക്കാതെ വലിച്ചെറിയുക, പ്ലാസ്റ്റിക്‌ കത്തിക്കുക, യൂസർ ഫീസ്‌ നൽകുന്നതിന് വിമുഖത കാണിക്കുക, ജലസ്രോതസ്സുകളിലും പൊതുസ്ഥലത്തും മാലിന്യം തള്ളുക, നിരോധിത പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങൾ വ്യാപാരസ്ഥാപനങ്ങളിൽ സൂക്ഷിച്ച് പൊതുജനങ്ങൾക്ക് വിതരണംചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 10,000 രൂപ മുതൽ 1,00,000 രൂപവരെ പിഴ ഈടാക്കുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനുമാണ്‌ സ്‌ക്വാഡുകൾക്കുള്ള അധികാരം. ജില്ലയിൽ ഇതിനകം നൂറുകണക്കിന് നിയമ ലംഘനങ്ങൾ കണ്ടെത്തി. വലിയ തുക തദ്ദേശ സ്ഥാപനങ്ങൾ പിഴയായി ഈടാക്കി തുടർ നടപടി സ്വീകരിച്ചു.
Advertisements
മാലിന്യം ഉറവിടത്തിൽ തരംതിരിച്ച്‌ ഹരിതകർമ സേനക്ക് കൈമാറാൻ സർക്കാർ ഉത്തരവുണ്ട്‌. എന്നാൽ യൂസർ ഫീസ്‌ നൽകുന്നതിലെ വിമുഖത കാരണം  ചില വ്യക്തികളും സ്ഥാപനങ്ങളും മാലിന്യം രാത്രി കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാർക്കെതിരെ വരുംദിവസങ്ങളിൽ കർശന നടപടിയെടുക്കുമെന്ന്‌ സംഘാംഗങ്ങൾ പറഞ്ഞു. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ നാട്ടുകാർക്ക്‌  തദ്ദേശ സ്ഥാപനങ്ങളിൽ പരാതി സമർപ്പിക്കുകയോ പരിഹാരമില്ലാത്തപക്ഷം ജില്ലാ ശുചിത്വമിഷൻ ഓഫീസിനെ സമീപിക്കുകയോ ചെയ്യാം.
കഴിഞ്ഞ ദിവസം ചങ്ങരോത്ത്  പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ കച്ചവട സ്ഥാപനങ്ങളിൽ സൂക്ഷിച്ച 48.5 കിലോ നിരോധിത പ്ലാസ്റ്റിക്‌ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്‌. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളൽ, പ്ലാസ്റ്റിക്‌  കത്തിക്കൽ, ഹരിത കർമ സേനക്ക് പ്ലാസ്റ്റിക് തരംതിരിച്ച് നൽകാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. നിയമം ലംഘിച്ചവരിൽനിന്ന്‌ 1,32,000 രൂപയാണ്‌ പിഴ ഈടാക്കിയത്‌. മാലിന്യം കൊണ്ടിടുന്ന സ്ഥലങ്ങൾ ഒരാഴ്ചക്കകം വൃത്തിയാക്കി കർമപദ്ധതി ആവിഷ്കരിക്കാൻ പഞ്ചായത്തിന് നിർദേശം നൽകി.