വ്യാജ വാഹാനാപകടം സൃഷ്ടിച്ച പ്രതികളെ കോടതി റിമാൻ്റ് ചെയ്തു

കൊയിലാണ്ടി: യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ചശേഷം വ്യാജ വാഹാനാപകടം സൃഷ്ടിച്ച് പോലീസിൽ പരാതി നൽകിയ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു. കൊയിലാണ്ടി ഏഴുകുടിക്കൽ സ്വദേശികളായ മനീഷ്, മിഥുൻ എന്നിവരെയാണ് റിമാൻ്റ് ചെയ്തത്. കൊയിലാണ്ടി പോലീസിൻ്റെ സമർത്ഥമായ ഇടപെടലാണ് കേസ് വഴിത്തിരിവിലായത്. ആഗസ്റ്റ് 4ന് രാത്രി 9 മണിയോടെ ചെങ്ങോട്ടുകാവ് ഓവർ ബ്രിഡ്ജിന് സമീപമുള്ള പഴയ എൻ.എച്ചിൽ വാഹനാപകടം എന്ന വ്യാജേന പോലീസിൽ പരാതി കൊടുത്ത് വാഹനാപകട കേസ് റജിസ്റ്റർ ചെയ്ത സംഭവമാണ് പുതിയ വഴിത്തിരിവിലേക്ക് എത്തിയത്.

ചെങ്ങോട്ടുകാവിൽ മത്സ്യകച്ചവടം ചെയ്തുവരുന്ന പുതിയോട്ടിൽ എടക്കുളം അബ്ദുറഹിമാൻ എന്നയാളുടെ മകൻ സാദത്ത് (47) വാഹനാപകടത്തിൽ ‘തലയ്ക്ക് ഗുരുതരപരിക്കുപറ്റി മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിലായിരുന്നു എന്നതാണ് പരാതി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസിൽ വാഹന അപകട കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു. എസ് എച്ച് ഒ ജിതേഷ് കെ എസ്, എസ് ഐ മാരായ മനോജ്, ഗിരീഷ് കെ പി എന്നിവരുടെ സമയോചിതമായ ഇടപെടലുകളിലൂടെയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും സംഭവത്തിന്റെ ചുരുളഴിയുകയായിരുന്നു.

വാക്ക് തർക്കത്തെ തുടർന്ന് ഏഴ് കുടിക്കൽ ഭാഗത്തുള്ള മനീഷ്, മിഥുൻ എന്നിവർ ചേർന്ന് സാദത്ത് എന്നയാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതാണെന്ന് ശാസ്ത്രീയ അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ കേവലം ഒരു വാഹനാപകടക്കേസായി അവസാനിക്കുമായിരുന്ന സംഭവത്തെ പോലീസിന്റെ സമയോചിതമായ ഇടപെടലുകളിലൂടെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ സാധിച്ചിരിക്കുകയാണ്.
