KOYILANDY DIARY

The Perfect News Portal

ഉന്നതർക്ക് വഴങ്ങാൻ കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസില്‍ വനിതാ പ്രൊഫസർ കുറ്റക്കാരിയെന്ന് കോടതി 

ചെന്നൈ: ഉന്നതർക്ക് വഴങ്ങാൻ കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസില്‍ വനിതാ പ്രൊഫസർ കുറ്റക്കാരിയെന്ന് കോടതി. ശ്രീവില്ലിപൂത്തൂരിനടുത്ത അറുപ്പുക്കോട്ടയിലെ സ്വകാര്യകോളേജിലെ പ്രൊഫ. നിര്‍മല ദേവി കുറ്റക്കാരിയാണെന്ന് ശ്രീവില്ലിപൂത്തൂര്‍ അതിവേഗകോടതി വിധിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന മധുരകാമരാജ് കോളേജിലെ അസി. പ്രൊഫ. മുരുഗനെയും ഗവേഷണവിദ്യാര്‍ത്ഥി കറുപ്പ്സ്വാമിയെയും കോടതി വെറുതെ വിട്ടു.
സ്ത്രീകള്‍ക്കെതിരായ ക്രൂരതയും വ്യഭിചാര ക്കുറ്റവുമാണ് പ്രൊഫ. നിര്‍മലാദേവിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2018-ലാണ് സംഭവം നടന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് നിര്‍മല ദേവിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് രാജേശ്വരിയുടെ നേതൃത്വത്തില്‍ 1160 പേജ് അടങ്ങിയ കുറ്റപത്രം അതിവേഗകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കുറ്റപത്രം നല്‍കിയതിനാല്‍ ഉടന്‍ ശിക്ഷ വിധിക്കണമെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ശിക്ഷ വിധിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റണമെന്ന നിര്‍മല ദേവിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. 2018-ലാണ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ തമിഴ്നാട് ഗവര്‍ണറായിരുന്ന ബന്‍വരിലാല്‍ പുരോഹിതിനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.