മതമൈത്രിയുടെ സംഗമ ഭൂമിയില്‍ പേട്ടതുള്ളല്‍ തുടങ്ങി

മതമൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയില്‍ പേട്ടതുള്ളല്‍ തുടങ്ങി. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുളളലാണ് ആദ്യം നടന്നത്. ആകാശത്ത് വട്ടമിട്ട് പറന്ന കൃഷ്ണപ്പരുന്തിനെ കണ്ടശേഷമായിരുന്നു അമ്പലപ്പുഴ പേട്ട സംഘത്തിന്റെ പേട്ടതുള്ളല്‍.

സമൂഹ പെരിയോന്‍ എന്‍ ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരുടെ അകമ്പടിയില്‍ കൊച്ചമ്പലത്തില്‍ നിന്നും സംഘം
പേട്ട തുള്ളി ഇറങ്ങി. കൊച്ചമ്പലത്തില്‍ തിടമ്പ് പൂജയും പേട്ടകെട്ട് ചടങ്ങും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു പേട്ട തുള്ളല്‍.

വാവര്‍ പള്ളിയില്‍ എത്തിയ സംഘത്തെ മഹല്ല് ഭാരവാഹികള്‍ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു. വാവര്‍ പള്ളിയെ വലംവെച്ച സംഘം വാവരുടെ പ്രതിനിധിയെയും ഒപ്പംകൂട്ടിയാണ് വലിയമ്പലത്തിലേക്ക് നീങ്ങിയത്. പെരിയോന്‍ എകെ വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ നടക്കുക.

