ചങ്ങല കണ്ണികൾ മനുഷ്യ മതിലായി.. കൊയിലാണ്ടിയൽ ആയിരങ്ങൾ അണിനിരന്നു
കൊയിലാണ്ടി: ചങ്ങല കണ്ണികൾ മനുഷ്യ മതിലായി.. കൊയിലാണ്ടിയൽ ആയിരങ്ങൾ അണിനിരന്നു. കേന്ദ്ര അവഗണനയിൽ ദുരിതംപേറുന്ന ജനത നാടിനുവേണ്ടി കൈകോർക്കാനായി ഒത്തുചേർന്നപ്പോൾ എല്ലായിടത്തും മനുഷ്യസാഗരം തീർക്കുകയായിരുന്നു. നിശ്ചയിച്ച മൂന്നു മണിക്കുമുമ്പ് തന്നെ ദേശീയപാതയോരത്തേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവജനങ്ങളും ബഹുജനങ്ങളും ഒഴുകുകയായിരുന്നു. ഓരോ യൂണിറ്റിനും നിശ്ചയിച്ചിരുന്ന സ്ഥലത്ത് നേരത്തെ തന്നെ നിലയുറപ്പിച്ചായിരുന്നു കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് യുവജനത രംഗത്തിറങ്ങിയത്. അങ്ങിനെ കേന്ദ്രത്തിനെതിരായ പ്രതിഷേധം മനുഷ്യമതിലും, മനുഷ്യക്കടലുമായി മാറി.

കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാൻ്റിന് സമീപേ ചേർന്ന പൊതുയോഗത്തിൽ മുൻ എം.എൽ.എ കെ. ദാസൻ, സിപിഐഎം ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ്, നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, കെ. ഷിജു, പിവി അനുഷ തുടങ്ങി നിരവധിപേർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


വൈകീട്ട് നാലരയ്ക്ക് തന്നെ ട്രയൽച്ചങ്ങല തീർത്തു. അഞ്ചിന് മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞ എടുത്തു. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം. റെയിൽവേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയിൽ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല.


പത്തു ലക്ഷത്തിലധികം യുവജനങ്ങളാണ് സമരത്തിൽ അണിനിരന്നത് അത്രയേറെ ബഹുജനങ്ങളും പങ്കാളികളായതോടെ മനുഷ്യച്ചങ്ങല ചരിത്രത്തിൻ്റെ ഭാഗമായി മാറുകയായിരുന്നു. ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവർ പങ്കാളികളായി.

