അവശ്യ മരുന്നുകളുടെ വില കൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനം വെല്ലുവിളി.

കോഴിക്കോട്: അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഫാർമസിസ്റ്റ്സ് അസോസിയേഷൻ. അവശ്യമരുന്നുകളുടെ വില 50 ശതമാനം വർദ്ധിപ്പിക്കാൻ ഔഷധ കുത്തക കമ്പനികൾക്ക് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയു അനുമതി നൽകിയിരിക്കുകയാണ്.

ആസ്തമ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉള്‍പ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പതിനൊന്ന് തരം മോളിക്യൂൾ കാറ്റഗറിയിൽപെട്ട അവശ്യ മരുന്നുകളുടെ വില അമ്പത് ശതമാനം വരെ വർദ്ധിപ്പിക്കാൻ അനുമതി കൊടുക്കുകവഴി ബഹുരാഷ്ട്ര ഔഷധ കുത്തക കമ്പനികൾക്ക് ജനങ്ങളുടെ ജീവൻ കൊണ്ടു പന്താടാനുള്ള അവസരമൊരുക്കിയിരിക്കുകയാണെന്നും ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്നും അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് മഹമൂദ് മൂടാടി ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സിക്രട്ടറി എം. ജിജീഷ്, സംസ്ഥാന കമ്മിററി അംഗം ടി. സതീശൻ, നവീൻലാൽ പാടിക്കുന്ന്, പി.എം സുരേഷ്, ഷഫീഖ് കൊല്ലം, ജസ്ല എം.കെ, ഷാഹി. പി പി, റനീഷ്. എ.കെ, രാഗില, റാബിയ എന്നിവർ സംസാരിച്ചു. എസ്ഡി സലീഷ് കുമാർ നന്ദിയും പറഞ്ഞു.
