കോർപറേറ്റ് സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം; വി.കെ. സനോജ്
സ്വകാര്യ കോർപറേറ്റ് സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിനെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ഇതൊരു അന്ന സെബാസ്റ്റ്യൻ്റെ മാത്രം വിഷയം അല്ല, ആ കമ്പനിയിൽ 16 മണിക്കൂർ ആണ് വിശ്രമം ഇല്ലാതെ ആളുകൾ ജോലി ചെയ്യുന്നത്. ഇതിൽ ശക്തമായ പ്രതിഷേധം ഉയരണം. എന്നാൽ, ഇത്തരം കമ്പനികളോട് കേന്ദ്ര സർക്കാർ ചങ്ങാത്തം കാണിക്കുന്നത് അംഗീകരിക്കാനാകില്ല.

ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ്റെ പ്രതികരണം അങ്ങേയറ്റം ലജ്ജകരമാണ് സനോജ് പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 25, 26 തീയതികളിൽ കേന്ദ്ര തൊഴിൽ മന്ത്രിക്കും പ്രധാന മന്ത്രിക്കും കേരളത്തിൽ നിന്ന് ഒരു ലക്ഷം ഇ മെയിൽ സന്ദേശം അയക്കുമെന്നും ഒക്ടോബർ 5ന് തിരുവനന്തപുരത്ത് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും സനോജ് പറഞ്ഞു.

കൂടാതെ കേരളത്തിലെ ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ടും സനോജ് പ്രതികരിച്ചു. കേരളത്തിലെ ട്രെയിൻ യാത്ര ദുരിതപൂർണമായെന്നും ആളുകൾ കുഴഞ്ഞു വീഴുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും സനോജ് പറഞ്ഞു. ഏറ്റവും കൂടുതൽ വരുമാനം കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ അതിനനുസരിച്ചുള്ള സൗകര്യം കേന്ദ്രം ഒരുക്കുന്നില്ല. കേരളത്തോടുള്ള അവഗണനയാണിത്. വന്ദേഭാരത് വന്നതോടെ മണിക്കൂറുകളോളം സാധാരണ ട്രെയിൻ പിടിച്ചിടുന്ന സ്ഥിതിയാണുള്ളത്.

ഇത് യാത്രാ പ്രശ്നം രൂക്ഷമാക്കുന്നു. പ്രശ്നത്തിൽ കേന്ദ്രം അടിയന്തര പരിഹാരം കാണണമെന്നും സനോജ് പറഞ്ഞു. പല സംസ്ഥാനങ്ങളും ഒഴിവാക്കിയ ബോഗി ആണ് കേരളത്തിന് നൽകുന്നത് ഇത് മാറണമെന്നും സിൽവർ ലൈൻ പദ്ധതി കേരളത്തിൽ മാത്രം അനുവദിക്കാത്തത് ബിജെപി യുടെ രാഷ്ട്രീയ വിരോധം മൂലമാണെന്നും സനോജ് കുറ്റപ്പെടുത്തി. പ്രതിപക്ഷവും ഇതേ നിലപാടാണ് സ്വീകരിക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് 26ന് dyfi ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും സനോജ് പറഞ്ഞു. സർക്കാരിൻ്റെ മാലിന്യ മുക്ത നവകേരളം പദ്ധതിയിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് കൈകോർക്കും. സെപ്റ്റംബർ 28 29 തീയതികളിൽ ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്നും മേഖലാ കേന്ദ്രങ്ങളിലാണ് ശുചീകരണ യജ്ഞം നടക്കുകയെന്നും സനോജ് അറിയിച്ചു.
