KOYILANDY DIARY

The Perfect News Portal

സോഷ്യൽ മീഡിയയിൽ ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നടപടികൾ സ്വീകരിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: ഡീപ് ഫേക്ക്: ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് 7 ദിവസത്തെ സമയം നൽകി കേന്ദ്രം. സോഷ്യൽ മീഡിയയിൽ ഡീപ് ഫേക്ക് ഉള്ളടക്കങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം നടപടികൾ സ്വീകരിക്കുന്നത്. ഇതിനായി പ്രത്യേക ഓഫീസറെ നിയമിക്കുമെന്നും പ്രസ്തുത കേസുകളിൽ ഐടി നിയമം ലംഘിച്ച സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുന്നതിന് പൗരന്മാരെ സഹായിക്കുമെന്നും കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഐടി നിയമം 3(1)(b) പ്രകാരം പരാതി ലഭിച്ച് 24 മണിക്കൂറിനകെ തന്നെ ഡീപ് ഫേക്ക് കണ്ടന്റുകൾ നീക്കം ചെയ്യണമെന്നും അങ്ങനെ സ്വീകരിക്കാത്ത പക്ഷം പരാതിക്കാരന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു. 

ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഐടി മന്ത്രാലയം വെബ്സൈറ്റ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ താരങ്ങളുടേതുൾപ്പെടെയുള്ള ഡീപ് ഫേക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ചിത്രം ഏറെ വിവാദമായതോടെ കേന്ദ്രവും വിഷയത്തിൽ ഇടപെട്ടിരുന്നു.  കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തിയിരുന്നു.