ഉരുൾപൊട്ടലിൽ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു

നിലമ്പൂർ: മൃതദേഹങ്ങൾ മേപ്പാടിയിലേക്ക്.. വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മേപ്പാടി മുണ്ടകൈ കരുണ സരോജം ഹൗസിൽ പാർഥൻ (74), ചൂരൽമല മുരളി ഭവൻ ചിന്ന (84) എന്നിവരെയാണ് ബന്ധുക്കളെത്തി തിരിച്ചറിഞ്ഞത്. നിലമ്പൂരിലെ ആശുപത്രിയിൽവെച്ചാണ് തിരിച്ചറിഞ്ഞത്. ഇവരെ മേപ്പാടിയിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെ തിരിച്ചറിഞ്ഞ വയനാട് മേപ്പാടി സിയാ നസ്റിൻ (11), ചൂരമല ആമക്കുഴിയിൽ മിൻഹാ ഫാത്തിമ (14) എന്നിവരെ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.

ചൂരൽമലയിൽനിന്ന് ചാലിയാറിലൂടെ പോത്തുകല്ലിലേക്ക് ഒഴുകിയെത്തിയ 40 മൃതദേഹങ്ങളാണ് നിലമ്പൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്നത്. ഇതിൽ നാല് മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 28 മൃതദേഹ അവശിഷ്ടങ്ങളും ചാലിയാറിൽ നിന്ന് കണ്ടുകിട്ടി. ചാലിയാറിന്റെ ഇരുകരകളിലും തിരച്ചിൽ തുടരുന്നുണ്ട്. 32 മൃതദേഹങ്ങളുടെയും 25 ശരീര ഭാഗങ്ങളുടെയും പോസ്റ്റ്മോട്ടം പൂർത്തിയായിട്ടുണ്ട്. ഇന്ന് ലഭിച്ച 15 മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റുമോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

34 മൃതദേഹങ്ങളും 26 മൃതദേഹ അവശിഷ്ടങ്ങളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോകാനാരംഭിച്ചു. 28 ആംബുലൻസുകളിലായായാണ് മേപ്പാടി സിഎച്ച്എസ്‍സിയിലേക്ക് കൊണ്ടുപോകുന്നത്. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് നടപടി. ആദ്യ 10 ആംബുലൻസുകൾ നിലമ്പൂരിൽ നിന്ന് പുറപ്പെട്ടു. നാടുകാണിചുരം വഴിയാണ് മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കുന്നത്.

