കൽപ്പത്തൂരിൽ കിണറ്റിൽ വീണ് മരണപ്പെട്ട അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം നാളെ സംസ്ക്കരിക്കും
കൊയിലാണ്ടി: അഞ്ചാംപീടിക കൽപ്പത്തൂരിൽ കിണറ്റിൽ വീണ് മരണപ്പെട്ട അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം നാളെ (തിങ്കളാഴ്ച) സംസ്ക്കരിക്കും. ഇന്ന് രാവിലെയാണ് അഞ്ചാംപീടിക ഇല്ലത്ത് മീത്തൽ കുട്ടികൃഷ്ണൻ്റെ മകൾ ഗ്രീഷ്മ (36) യും രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞും തൊട്ടടുത്ത പറമ്പിലെ കിണറ്റിൽ വീണ് മരിച്ചത്. പേരാമ്പ്രയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചത്.

മുചുകുന്ന് കൊയിലോത്തുംപടി, മാനോളി വിനീഷ് ആണ് ഭർത്താവ്. പ്രസവാനന്തരം നാളെ അമ്മയും കുഞ്ഞും ഭർത്തൃ വീട്ടിലേക്ക് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടപടിയും, ഫോറൻസിക് വിദഗ്ദരുടെ പരിശോധനയും പൂർത്തിയായശേഷം നാളെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: പരേതനായ കുട്ടികൃഷ്ണൻ, അമ്മ: ഗിരിജ, സഹോദരി: ആതിര.

