KOYILANDY DIARY.COM

The Perfect News Portal

67-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം

.

67 -ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒളിമ്പിക്‌സ് മാതൃകയിലുള്ള രണ്ടാമത്തെ കായികമേളയ്ക്കാണ് തലസ്ഥാന നഗരം സാക്ഷ്യം വഹിക്കുന്നത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെ, മേളയുടെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. ഇന്ത്യൻ ഫുട്‌ബോളിൻ്റെ അഭിമാനതാരം ഐ എം വിജയൻ വിദ്യാഭ്യാസ മന്ത്രിയോടൊപ്പം ദീപശിഖ കൊളുത്തും.

 

കളരിപ്പയറ്റ്, ഫെൻസിംഗ്, യോഗ എന്നീ ഇനങ്ങളും ഇത്തവണവത്തെ മത്സര ഇനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പോയിൻറ് നേടി മേളയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് ലഭിക്കും. 12 വേദികളിലായി നടക്കുന്ന കായികമേളയുടെ ബ്രാൻഡ് അംബാസിഡർ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ്. കീർത്തി സുരേഷാണ് ഗുഡ്‌വിൽ അംബാസഡർ. ഇൻക്ലൂസീവ് സ്‌പോർട്‌സ് വിഭാഗങ്ങളിൽ അടക്കം 20,000 ത്തിലധികം കായിക താരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്.

Advertisements

 

ഗൾഫ് മേഖലയിൽ നിന്നും 12 പെൺകുട്ടികൾ അടങ്ങുന്ന സംഘവും ഇത്തവണ മേളയുടെ ഭാഗമാകും. ഒരേസമയം 2500ഓളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒരാഴ്ച നീളുന്ന കായിക മാമാങ്കത്തിന് 28ന് കൊടിയിറങ്ങും.

Share news