KOYILANDY DIARY.COM

The Perfect News Portal

പുഴയിൽ മുങ്ങി മരിച്ച 16 കാരനായ വിദ്യാർത്ഥിയെ സഹപാഠികളും നാട്ടുകാരും വിങ്ങുന്ന മനസോടെ യാത്രയാക്കി

മാനന്തവാടി: പുഴയിൽ മുങ്ങി മരിച്ച 16 കാരനായ വിദ്യാർത്ഥിയെ സഹപാഠികളും നാട്ടുകാരും വിങ്ങുന്ന മനസോടെ യാത്രയാക്കി. സഹപാഠിയുടെ അപ്രതീക്ഷിത വിയോഗമാണ് വയനാട്ടിലെ വാളാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാർത്ഥികളെയാകെ കണ്ണീരിലാഴ്ത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം 6.30 ന് വാളാട് കൂടന്‍കുന്ന് മുസ്‌ലിം പള്ളിക്കു സമീപത്തെ പുഴയിലാണ് വിദ്യാർത്ഥി മുങ്ങിമരിച്ചത്. തവിഞ്ഞാല്‍ വാളാട് മുസ്ലിയാര്‍ ഹൗസില്‍ മുഹമ്മദ് ആദില്‍ (16) ആണ് മരണപ്പെട്ടത്. ആദിലിൻ്റെ വേര്‍പാടിൽ നാടാകെ തേങ്ങലിലാണ്. തിങ്കളാഴ്ച പതിവുപോലെ കൂട്ടുകാരുടെ കൂടെ ഫുട്ബോള്‍ കളിച്ചതിനു ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ആദിൽ വെള്ളത്തിൽ മുങ്ങിപ്പോയത്.
ആദിലിന് നീന്തല്‍ അറിയാമായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കിൽ പെട്ടുപോയതായിരിക്കാമെന്നാണ് നാട്ടുകാരും കൂട്ടുകാരും പറയുന്നത്. ഇന്നലെ ശക്തമായ മഴയുണ്ടായിരുന്നതിനാൽ പുഴയില്‍ സാധാരണയിലും കവിഞ്ഞ് ഒഴുക്കുണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ തിരച്ചില്‍ നടത്തിയിരുന്നു. 
വൈകുന്നേരം 6.50 ന് ഏകദേശം 200 മീറ്റര്‍ അകലെ ആദിലിനെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടർന്ന് വാളാട് കൂടന്‍കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഖാലിദിൻ്റെയും  സുമയ്യയുടെയും മകനാണ്. സഹോദരൻ: മുഹമ്മദ് അനീസ്.
Share news