താമരശ്ശേരി കൊലപാതകം; പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി

താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റി. വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിനകത്ത് പരീക്ഷ എഴുതിക്കാനാണ് തീരുമാനം. ആദ്യം വെള്ളിമാടുകുന്ന് എന്‍ജിഒ ക്വാര്‍ട്ടേര്‍സ് സ്‌കൂളിലാണ് പരീക്ഷ എഴുതിക്കാന്‍ ആലോചിച്ചിരുന്നത്. പ്രതിഷേധങ്ങളുടെ സാഹചര്യത്തില്‍ സുരക്ഷാപ്രശ്‌നം കണക്കിലെടുത്താണ് പുതിയ തീരുമാനം.

അതേസമയം സംഭവുമായി ബന്ധപ്പെട്ട എംഎസ്എഫ് മാര്‍ച്ചില്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. കേരള വിഷന്‍ ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ സജി തറയിലിന് നേരെയാണ് കൈയ്യേറ്റം. അതിനിടയില്‍ പ്രതികളെ പരീക്ഷ എഴുതിക്കുന്നതില്‍ പ്രതിഷേധിച്ച് വെള്ളിമാടുകുന്നിലെ ജുവനൈയില്‍ ഒബ്‌സര്‍വേഷന്‍ സെന്ററിന് മതില്‍ ചാടിയ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം ഷഹബാസിന്റെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷഹബാസിന്റെ മാതാപിതാക്കള്‍, പ്രതികളുടെ മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പ്രതികള്‍ ഉള്‍പ്പെട്ട വാട്‌സ്അപ്പ് ഗ്രൂപ്പുകള്‍ പൊലീസ് പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. വിവിധ ഇടങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതും പരിശോധിക്കും.

