KOYILANDY DIARY

The Perfect News Portal

തലശ്ശേരി ”തലസ്ഥാനമായി”.. ചരിത്രമായി മന്ത്രിസഭാ യോഗം

കണ്ണൂർ: തലശ്ശേരി ”തലസ്ഥാനമായി”. സംസ്ഥാന തലസ്ഥാനത്തിനുപുറത്ത് മന്ത്രിസഭാ യോഗം ചേർന്നുവെന്ന അപൂർവതയും നവകേരള സദസ്സിന്‌. ബുധനാഴ്ച രാവിലെ ഒമ്പതിന്‌ തലശേരി പേൾവ്യൂ ഹോട്ടലിൽ പ്രത്യേകം തയ്യാറാക്കിയ ക്യാബിനറ്റ് മുറിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ  ലോകമാതൃകയായി. ഇതോടെ തലസ്ഥാനത്തിന് പുറത്ത് ആദ്യ മന്തിയഭാ യോഗം നടന്ന സ്ഥലമായി തലശ്ശേരി മാറി.

നവകേരള സദസ്സിന്റെ ഭാഗമായി കഴിഞ്ഞ നാല് ദിവസം ഒരേ വാഹനത്തിൽ ഒന്നിച്ച് സഞ്ചരിച്ച് നാടിന്റെ പ്രശ്നങ്ങൾ കണ്ടുംകേട്ടും ചർച്ചചെയ്തശേഷമാണ്‌ മന്ത്രിസഭാ യോഗം ചേർന്നത്‌. കൊച്ചിയിൽ ബിപിസിഎല്ലിന്റെ മാലിന്യസംസ്കരണ പ്ലാന്റിന്‌  അനുമതി നൽകിയതുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ യോഗത്തിലുണ്ടായി.

തലസ്ഥാനത്തിനുപുറത്തെ മന്ത്രിസഭാ യോഗമെന്നനിലയിൽ മാധ്യമങ്ങൾക്ക് ചിത്രീകരണത്തിന് സൗകര്യവും നൽകി. രണ്ട് മിനിറ്റ്‌ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തകർ പുറത്തിറങ്ങിയ ഉടൻ ആരംഭിച്ച യോഗം ഒരുമണിക്കൂറിലേറെ നീണ്ടു. അടുത്ത മന്ത്രിസഭായോഗം 29ന്‌ മലപ്പുറം തിരൂരിൽ. നവകേരള സദസ്സ്‌ തീരുംവരെ കേരളത്തിന്റെ ഓരോ പ്രദേശങ്ങൾ തലസ്ഥാനമാകും. ബുധനാഴ്ചകളിൽ ഔപചാരിക മന്ത്രിസഭായോഗവും മറ്റ് ദിവസങ്ങളിൽ അനൗപചാരിക യോഗങ്ങളും ചർച്ചകളുമാണ് നടക്കുന്നത്.

Advertisements