KOYILANDY DIARY

The Perfect News Portal

നവകേരള സദസ്സിലെ ജനസഞ്ചയം കേരളത്തിന്റെ വികസനത്തുടർച്ച ആഗ്രഹിക്കുന്നു

കണ്ണൂർ: നവകേരള സദസ്സിലെ ജനസഞ്ചയം കേരളത്തിന്റെ വികസനത്തുടർച്ച ആഗ്രഹിക്കുന്നു. കെട്ടുകാഴ്ചകൾക്കപ്പുറം അനുഭവങ്ങളാണ്‌ നവകേരളസദസ്സിൽ  സാന്നിധ്യമായി നിറയുന്നത്. അകലെയല്ല, അരികിലാണ്‌ സർക്കാരെന്ന്‌ തെളിയിച്ച്‌ ഭരണകൂട നേതൃത്വമൊന്നാകെയെത്തിയപ്പോൾ കാണാനും കേൾക്കാനും പറയാനുമെത്തുന്ന ജനക്കൂട്ടത്തിന് ഒറ്റ ലക്ഷ്യമാണ്‌ എന്റെ കേരളം. 

ചരിത്രമെഴുതുകയാണ് നവകേരള സദസ്സ്‌. നവകേരളത്തിലേക്ക് ഞങ്ങളും ഞങ്ങളുമെന്ന ഉറപ്പുമായാണ് ജനമൊഴുകുന്നത്. ബഹിഷ്കരണമെന്ന പാഴ് മുറംകൊണ്ട് ശോഭ കെടുത്താനിറങ്ങിയവർക്ക് സാന്നിധ്യത്തിന്റെ കടലിരമ്പം തീർത്താണ് ജനങ്ങളുടെ മറുപടി. വികസിത കേരളമെന്ന ജനങ്ങളുടെ ദൃഢനിശ്ചയത്തിന് പോറലേൽപ്പിക്കാനാവില്ലെന്ന കാഴ്ചയായിരുന്നു നവകേരള സദസ്സിന്റെ അഞ്ചാം ദിനം പാനൂരിലും മട്ടന്നൂരും ഇരിട്ടിയിലും. ഞെരുക്കി ശ്വാസംമുട്ടിക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രതിരോധമുറപ്പിക്കുകയായിരുന്നു ജനം.

ജനങ്ങളിലേക്കിറങ്ങിയ മന്ത്രിസഭപോലെ തലസ്ഥാനംവിട്ടുള്ള മന്ത്രിസഭാ യോഗവും ചരിത്രത്തിലേക്കാണ്. ഭരണം യാത്രയിലെന്ന് പരിഹസിച്ചവർക്ക് മറുപടിയായാണ് പതിവു ദിവസം തെറ്റാതെയുള്ള മന്ത്രിസഭാ യോഗം. സർവ മേഖലകളെയും സ്പർശിക്കുന്ന ചർച്ചകൾ, കൂടിക്കാഴ്ചകൾ എന്നിവയിൽ തുടങ്ങി എല്ലാ മേഖലയിലുള്ളവരുടെയും പരാതികൾ സ്വീകരിച്ചുള്ള യാത്രയ്ക്ക് നാടൊരുമിച്ചെത്തുന്നത് നൂറുശതമാനം പ്രതീക്ഷയോടെ. പരമാവധി പരാതികൾക്ക് ഒന്നര മാസത്തിനുള്ളിൽ തീർപ്പെന്ന പുതുരീതികൂടിയാണ്  സദസ്സിലൂടെ പിറക്കുന്നത്.

Advertisements

തുടർഭരണത്തിലൂടെ ഏഴുവർഷം കേരളം സാക്ഷ്യംവഹിച്ച ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ സുരക്ഷിത കൂരയൊരുക്കിയ, ക്ഷേമ പെൻഷൻ ജീവനോപാധിയെന്ന നിലയിൽ വർധിപ്പിച്ചു നൽകിയ, കാറ്റിലും പേമാരിയിലും മഹാമാരിയിലും കൈവിടാതെ ചേർത്തു നിർത്തിയവരെ കണ്ടും പറയാനുള്ളതു കേട്ടുമാണ് പതിനായിരങ്ങളുടെ മടക്കം.