KOYILANDY DIARY

The Perfect News Portal

നവകേരളസദസ്സിന്‌ സംഭാവന; കൗൺസിൽ തീരുമാനം അട്ടിമറിക്കാൻ
ഭീഷണിയുമായി വി.ഡി. സതീശൻ

പറവൂർ: പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ മണ്ഡലത്തിൽ യുഡിഎഫ്‌ ഭരിക്കുന്ന പറവൂർ നഗരസഭയും നവകേരളസദസ്സിന്റെ വിജയത്തിനായി രംഗത്ത്‌. ഒരു ലക്ഷം രൂപ അനുവദിച്ചു. നവകേരളസദസ്സ്‌ പാർടി പരിപാടിയാണെന്ന്‌ ആക്ഷേപിക്കുന്ന സതീശന് സ്വന്തം അനുയായികൾ നേതൃത്വം നൽകുന്ന ഭരണസമിതിയുടെ തീരുമാനം ക്ഷീണമായി. യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ നവകേരളസദസ്സിന് സംഭാവന അനുവദിക്കേണ്ടതില്ലെന്ന നിർദേശം തള്ളി 13ന് ചേർന്ന കൗൺസിൽ യോഗമാണ് ഏകകണ്‌ഠമായി തുക നൽകാൻ തീരുമാനിച്ചത്.

നവകേരളസദസ്സിന്റെ സംഘാടനത്തിന്‌ 2023–-2024 വാർഷികപദ്ധതിയുടെ ഭേദഗതിയിൽ ഉൾപ്പെടുത്തി തനതുഫണ്ടിൽനിന്ന്‌ തുക അനുവദിക്കാനാണ് നഗരസഭ തീരുമാനിച്ചത്. യുഡിഎഫിന് മേൽക്കൈയുള്ള വികസന സ്ഥിരംസമിതി ശുപാർശ ചെയ്‌ത പദ്ധതികളാണ്‌ കൗൺസിലിൽ വന്നത്. ഭരണപക്ഷത്തെ ഡി രാജ്കുമാർ ആദ്യം എതിർത്തെങ്കിലും നിർദേശങ്ങൾ സ്ഥിരംസമിതി യോഗങ്ങളിൽ ചർച്ചചെയ്ത് വന്നതാണെന്നും പരിഗണിക്കാമെന്നും നഗരസഭാ അധ്യക്ഷ ബീന ശശിധരൻ പറഞ്ഞതോടെ അംഗീകരിച്ചു. കൗൺസിൽ തീരുമാനമെടുത്തതിന്റെ മിനിട്‌സ്‌ രേഖകളും ഉണ്ട്. ഇവ കൗൺസിൽ അംഗീകരിച്ചശേഷം ജില്ലാ ആസൂത്രണസമിതിക്ക്‌ അയച്ചു. 25ന് ചേരുന്ന ജില്ലാ ആസൂത്രണസമിതി (ഡിപിസി) യോഗം കൗൺസിൽ തീരുമാനം അംഗീകരിക്കുന്നതോടെ പണം കൈമാറും.

 

യുഡിഎഫ്‌ തീരുമാനം ലംഘിച്ച്‌ സംഭാവന നൽകിയാൽ അവർ ആ സ്ഥാനത്തുണ്ടാകില്ല എന്ന്‌ വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ഭീഷണിപ്പെടുത്തിയതോടെ തീരുമാനം പിൻവലിച്ച്‌ തലയൂരാൻ ശ്രമിക്കുകയാണ് നഗരസഭാ അധ്യക്ഷയും കൂട്ടരും. ഇതിന്‌ വ്യാഴം രാവിലെ അടിയന്തര കൗൺസിൽ വിളിച്ചിട്ടുണ്ട്. ഡിപിസിക്ക് അയച്ച നിർദേശം തിരിച്ചുവിളിക്കണമെങ്കിൽ ബന്ധപ്പെട്ട സ്ഥിരംസമിതി യോഗത്തിന്റെ ശുപാർശയായി കൗൺസിൽ ചർച്ചചെയ്ത് തീരുമാനമാക്കണം. അത് നടന്നില്ലെങ്കിൽ കൗൺസിൽ തീരുമാനം മാറ്റാനാകില്ല.

Advertisements