KOYILANDY DIARY

The Perfect News Portal

കോഴിക്കോട് നടക്കുന്ന പൗരത്വസംരക്ഷണ റാലിയിൽ പതിനായിരങ്ങൾ അണിനിരക്കും

കോഴിക്കോട് നടക്കുന്ന പൗരത്വസംരക്ഷണ റാലിയിൽ പതിനായിരങ്ങൾ അണിനിരക്കുമെന്ന് സംഘാടകർ. പൗരത്വഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 22-ന് വൈകീട്ട് 7 മണിക്ക് ഫ്രീഡം സ്‌ക്വയറിലാണ് റാലി സംഘടിപ്പിക്കുന്നത്. യാഷ് ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ ഇന്ന് ചേർന്ന ഭരണഘടനാ സംരക്ഷണസമിതി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ  റാലി ഉദ്ഘാടനം ചെയ്യും. സാമൂഹ്യരാഷ്ട്രീയ സാംസ്‌കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.
സി.എ.എക്കെതിരെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി ജനസഹസ്രങ്ങളെ ഫ്രീഡംസ്‌ക്വയറിൽ അണിനിരത്താനാണ് സംഘാടകർ പരിപാടിയിട്ടിരിക്കുന്നത്. അതിനാവശ്യമായ രീതിയിലുള്ള പ്രചാരണ സംഘാടന പ്രവർത്തനങ്ങൾക്ക് യോഗം രൂപംകൊടുത്തു. സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭരണഘടനാ സംരക്ഷണസമിതി കൺവീനർ കെ.ടി. കുഞ്ഞിക്കണ്ണൻ പരിപാടികൾ വിശദീകരിച്ചു. മുസ്തഫ പി എറയ്ക്കൽ, പി. അലിഅക്ബർ, ഐസക ഈപ്പൻ, ഡോ.യു. ഹേമന്ത്കുമാർ എന്നിവർ സംസാരിച്ചു. 
Advertisements
ഗുജറാത്തിലെ അഹമ്മദാബാദ് സർവ്വകലാശാലയിൽ നിസ്‌കാരസമയത്ത് വിദ്യാർത്ഥികൾക്കുനേരെ നടന്ന സംഘപരിവാർ ആക്രമണത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദേശമന്ത്രാലയത്തിന്റെ പ്രതേ്യക പദ്ധതിയനുസരിച്ച് ഇന്ത്യൻ സർവ്വകലാശാലകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കുനേരെ നടന്ന ആക്രമണം അന്താരാഷ്ട്ര സമൂഹത്തിനുമുമ്പിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതും രാജ്യം എത്തിപ്പെട്ട സാമൂഹ്യവിദേ്വഷ അവസ്ഥയുടെ ഭീകരതയുമാണ് കാണിക്കുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.