KOYILANDY DIARY

The Perfect News Portal

പ്രിൻ്റിംഗ് പ്രസ്സുടമകൾ ജനപ്രാതിനിധ്യ നിയമം പാലിക്കണമെന്ന് ജില്ലാ കലക്ടർ

കോഴിക്കോട്: പ്രിൻ്റിംഗ് പ്രസ്സുടമകൾ ജനപ്രാതിനിധ്യ നിയമം പാലിക്കണമെന്ന് ജില്ലാ കലക്ടർ. 2024 ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കായി പോസ്റ്ററുകൾ, നോട്ടീസുകൾ തുടങ്ങിയവ പ്രിൻ്റ് ചെയ്യുന്ന സ്ഥാപനങ്ങൾ 1951 ലെ ജനപ്രാതിനിധ്യ നിയമം 127 എ പ്രകാരമുള്ള നിബന്ധന പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരികൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് മുന്നറിയിപ്പ് നൽകി.

അച്ചടി ജോലികൾ ഏറ്റെടുക്കുന്നതിനു മുമ്പായി അവ ഏൽപ്പിക്കുന്ന സ്ഥാനാർഥികൾ, ഏജൻ്റുമാർ, രാഷ്ട്രീയ പാർട്ടികൾ, പ്രവർത്തകർ തുടങ്ങിയവരിൽ നിന്ന് നിർദിഷ്ട മാതൃകയിൽ സത്യവാങ്മൂലത്തിന്റെ രണ്ട് പകർപ്പുകൾ പ്രസ് ഉടമകൾ വാങ്ങി സൂക്ഷിക്കേണ്ടതാണ്. പ്രസിദ്ധീകരിക്കുന്ന ആളും രണ്ട് സാക്ഷികളും സത്യവാങ്‌മൂലത്തിൽ ഒപ്പുവച്ചിരിക്കണം.

Advertisements

അച്ചടിക്കുന്ന പ്രചാരണ സാമഗ്രികളിൽ, പ്രിൻ്ററുടെയും പ്രസിദ്ധീകരിക്കുന്ന ആളിന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണം. ഇവയുടെ രണ്ട് പകർപുകളും സത്യവാങ്മൂലത്തിൻ്റെ ഒരു കോപ്പിയും അച്ചടി കഴിഞ്ഞ 3 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ മുമ്പാകെ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം സ്ഥാപനത്തിനെതിരെ 1951ലെ ജനപ്രതിനിധ്യപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

Advertisements