KOYILANDY DIARY

The Perfect News Portal

അധ്യാപകൻെറ കൈ വെട്ടിയ കേസ്; ആറ് പ്രതികൾ കുറ്റക്കാർ

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില്‍ 11 പ്രതികളില്‍ ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. നാല് പ്രതികളെ വെറുതെ വിട്ടു. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി നാസര്‍, അഞ്ചാം പ്രതി നജീബ്, ഒമ്പതാം പ്രതി  നൗഷാദ്, 11-ാം പ്രതി മൊയ്തീന്‍ കുഞ്ഞ്, 12-ാം പ്രതി അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. 4, 6, 7, 8 പ്രതികളായ ഷഫീക്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി എന്നിവരെ വെറുതെ വിട്ടു. ശിക്ഷ നാളെ വിധിക്കും.

കുറ്റകൃത്യത്തിന് പിന്നിൽ ഭീകരപ്രവര്‍ത്തനം തെളിഞ്ഞതായി എന്‍ഐഎ കോടതി പറഞ്ഞു. ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെക്കൽ, നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകള്‍ തെളിഞ്ഞു. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എന്‍ഐഎ കോടതി ജഡ്ജി അനില്‍ കെ. ഭാസ്‌കര്‍ ബുധനാഴ്ച രണ്ടാംഘട്ട വിധിപ്രസ്താവം നടത്തിയത്.

Advertisements

ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കി കൊച്ചിയിലെ എന്‍ഐഎ കോടതി 2015 ഏപ്രില്‍ 30ന് വിധി പറഞ്ഞിരുന്നു. അന്ന് 31 പ്രതികളില്‍ 13 പേരെ ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു. ഇതിനുശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.

Advertisements

കേസിലെ ഒന്നാം പ്രതി പെരുമ്പാവൂര്‍ ഓടയ്ക്കാലി സ്വദേശി സവാദ് ഇപ്പോഴും ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 2010 ജൂലൈ നാലിനാണ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിയത്. കോളേജിലെ രണ്ടാംസെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ പ്രവാചകനെ അവഹേളിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.