സിനിമ ചിത്രീകരണത്തിനിടെ കാളയുടെ കുത്തേറ്റ് തമിഴ് നടന് പരുക്ക്

സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടന് കാളയുടെ കുത്തേറ്റു. തമിഴ് നടൻ അശോക് കുമാറിനാണ് കാളയുടെ ആക്രമണത്തിൽ പരുക്കേറ്റത്. വട മഞ്ജുവിരാട്ട് എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. ജല്ലിക്കെട്ടിനെക്കുറിച്ച് പറയുന്ന സിനിമയാണ് വട മഞ്ജുവിരാട്ട്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട രംഗങ്ങൾ ചിത്രീകരിക്കാൻ എത്തിച്ച കാളയാണ് നടനെ ആക്രമിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് ദിണ്ടിഗൽ ജില്ലയിലെ അഞ്ജുകുളിപ്പട്ടിയിലാണ്. രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടന് നേരെ കാള പാഞ്ഞടുക്കുകയായിരുന്നു. കാളയുടെ ആക്രമണത്തിൽ നടന്റെ വയറ്റിൽ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ഉടൻ തന്നെ നടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

പരുക്ക് ഗുരുതരമല്ലാത്തതിനാൽ, ചികിത്സയ്ക്ക് ശേഷം സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. കോഴി കൂവുത്, കാതൽ സൊല്ല ആസി, ചിത്തിരം പേശുതടി തുടങ്ങി 25ലധികം ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് അശോക്.

