അസൗകര്യങ്ങൾക്കിടയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ. സ്വന്തം കെട്ടിടം വേണമെന്ന് ആവശ്യമുയരുന്നു

കൊയിലാണ്ടി: അസൗകര്യങ്ങൾക്കിടയിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് സ്വന്തം കെട്ടിടം വേണമെന്ന് ആവശ്യമുയരുന്നു. ഒട്ടേറെ പരിമിതികളോടെയാണ് സ്പോർട്സ് കൗൺസിൽ സ്‌റ്റേഡിയത്തിലെ ചെറിയ മുറിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഇരിക്കാനോ യോഗം ചേരാനോ സ്ഥലമില്ലാത്ത അവസ്ഥയാണ്.

21 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി 183 ലൈബ്രറികളാണ് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിലിനുള്ളത്. ജീവനക്കാരിയും താലൂക്ക് സെക്രട്ടറിയും പ്രസിഡണ്ടും ഓഫീസിലെത്തിയാൽ ഇരിക്കാൻ സ്ഥലമില്ല. ഓഫീസ് സ്‌റ്റേഡിയം ഗ്യാലറിയുടെ അടിയിലായതിനാൽ ഒന്നിലധികം പേർക്ക് നിവർന്ന് നിൽക്കാനും കഴിയാത്ത അവസ്ഥയാണ്. ഓഫീസിൽ ഇരിക്കാൻ സ്ഥലമില്ലാത്തതിനാൽ വരാന്തയിലാണ് ഇരുപതോളം അംഗങ്ങളുള്ള താലൂക്ക് കമ്മിറ്റി യോഗം ചേരുക. മാസം മൂവായിരത്തോളം രൂപ വാടകയും കൊടുക്കുന്നുണ്ട്.
Advertisements

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ലൈബ്രറികളെല്ലാം സജീവമാണ്. ലൈബ്രറി സെക്രട്ടറിമാരുടെ യോഗം വിളിച്ചാൽ 183 പേർക്ക് ഇരിക്കാനുള്ള ഹാൾ വേണം. താലൂക്ക് കമ്മിറ്റി അംഗങ്ങൾക്ക് ഇരിക്കാനും രേഖ സൂക്ഷിക്കാനും ഇടം വേണം. നഗരത്തിൽ സ്ഥലം ലഭിച്ചാൽ ലൈബ്രറി കൗൺസിലും രാജാറാം മോഹൻ റോയ് ഫൗണ്ടേഷനുമെല്ലാം കെട്ടിടം നിർമിക്കാൻ പണം നൽകും.

