KOYILANDY DIARY.COM

The Perfect News Portal

‘സ്വീറ്റ് റൈഡ്’ പ്രമേഹരോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്ന വിപ്ലവകരമായ മുന്നേറ്റം

മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത ‘സ്വീറ്റ് റൈഡ്’ ആക്സിയം 4 ദൗത്യത്തിലൂടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമെന്ന്‌ കണ്ടെത്തൽ. ‘സ്വീറ്റ് റൈഡ്’ (Suite Ride) എന്ന ഗവേഷണ പദ്ധതി ബഹിരാകാശ യാത്രയിൽ പ്രമേഹരോഗികൾക്ക് വഴി തുറക്കുന്ന സുപ്രധാന മുന്നേറ്റം കുറിച്ചിരിക്കുകയാണ്.

യു.എ.ഇ. ആസ്ഥാനമായുള്ള ബുർജീൽ ഹോൾഡിങ്‌സും യു.എസ്. ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും സംയുക്തമായി നടത്തിയ ‘സ്വീറ്റ് റൈഡ്’ ഗവേഷണത്തിന്റെ പ്രാഥമിക ഫലങ്ങളാണ് ഈ പ്രഖ്യാപനത്തിന് ആധാരം. ശുഭാൻഷു ശുക്ലയുടെ നേതൃത്വത്തിലുള്ള ആക്‌സിയം-4 ദൗത്യത്തിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെച്ച് മൈക്രോഗ്രാവിറ്റിയിൽ പ്രമേഹ ഉപകരണങ്ങൾ പരീക്ഷിച്ചു. ഈ പരീക്ഷണങ്ങളിൽ ഭൂമിയിൽ സാധാരണയായി ഉപയോഗിക്കുന്ന ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണങ്ങളും ഇൻസുലിൻ പേനകളും ബഹിരാകാശത്തെ കടുത്ത സാഹചര്യങ്ങളിലും കൃത്യമായി പ്രവർത്തിക്കുമെന്ന് കണ്ടെത്തി.

 

ഭൂമിയിൽ ദശലക്ഷക്കണക്കിന് ആളുകൾ ദൈനംദിനം ഉപയോഗിക്കുന്ന പ്രമേഹ ഉപകരണങ്ങൾ ബഹിരാകാശത്ത് ഫലപ്രദമായി പ്രവർത്തിക്കുമെന്നും അതിലൂടെ പ്രമേഹ നിരീക്ഷണം നടത്തി ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കും തിരികെ ബഹിരാകാശത്തേക്കും വിവരങ്ങൾ കൈമാറാമെന്നും കണ്ടെത്തി. ഇതിലൂടെ ഭാവിയിൽ പ്രമേഹ രോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമാക്കാനും വിദൂര ആരോഗ്യ സംരക്ഷണത്തിൽ പുതിയ പരിഹാരങ്ങൾ കണ്ടെത്താനും കഴിയും. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, പ്രമേഹമുള്ള ആദ്യത്തെ ബഹിരാകാശ യാത്രികനെ അയക്കാനുള്ള പദ്ധതി ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു.

Advertisements

 

ഡോ. ഷംഷീർ വയലിൽ, ആക്സിയം സ്പേസ് സിഇഒ തേജ്പോൾ ഭാട്ടിയ, മറ്റ് ആഗോള ബഹിരാകാശ ആരോഗ്യവിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂയോർക്കിലെ ബുർജീൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം. ഇതിന് മുന്നോടിയായി സ്വീറ്റ് റൈഡിന്റെ  കണ്ടെത്തലുകളും പുതിയ ദൗത്യവും ടൈംസ് സ്ക്വയറിൽ അവതരിപ്പിച്ചു.

 

“ബഹിരാകാശ യാത്ര മാത്രമല്ല ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹരോഗികൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും,” ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഈ നേട്ടങ്ങൾ പ്രമേഹരോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിനൊപ്പം ഭൂമിയിലെ വിദൂര ആരോഗ്യ പരിചരണ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരും. ബഹിരാകാശ യാത്രികരുടെ ഗ്ലൂക്കോസ് നില തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറാനും ഈ സാങ്കേതികവിദ്യ സഹായിക്കും. പ്രമേഹ രോഗികൾക്ക് നിലവിൽ ബഹിരാകാശ യാത്രയ്ക്ക് അനുമതിയില്ല. അതിനാൽ ‘സ്വീറ്റ് റൈഡ്’ പരീക്ഷണം ലോകമെമ്പാടുമുള്ള 500 ദശലക്ഷത്തിലധികം പ്രമേഹരോഗികൾക്ക് പ്രതീക്ഷ നൽകുന്ന ഒരു മുന്നേറ്റമാണ്.

 

ഇൻസുലിൻ പേനകൾ

ബഹിരാകാശത്തേക്ക് അയച്ച ആദ്യ ഇൻസുലിൻ പേനകൾ ‘സ്വീറ്റ് റൈഡ്’ ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഇൻസുലിൻ പേനകൾക്ക് മൈക്രോഗ്രാവിറ്റിയിലും കൃത്യമായ അളവിൽ മരുന്ന് നൽകാൻ സാധിക്കുമെന്ന് പരീക്ഷണം സ്ഥിരീകരിച്ചു.

വിദൂര ആരോഗ്യ പരിചരണം

 

ഈ ഗവേഷണങ്ങൾ ബഹിരാകാശ യാത്രയ്ക്ക് മാത്രമല്ല, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വിദൂരമായി ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും സഹായകമാകും. ഈ നേട്ടങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ന്യൂയോർക്കിൽ നടന്ന ചടങ്ങിലാണ് ബുർജീൽ ഹോൾഡിങ്‌സ് ആദ്യ പ്രമേഹരോഗിയായ ബഹിരാകാശ യാത്രികനെ അയക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. ‘സ്വീറ്റ് റൈഡ്’ ഗവേഷണത്തിലൂടെ ബഹിരാകാശ യാത്രയിലും വൈദ്യശാസ്ത്രത്തിലും പുതിയ അധ്യായം തുറന്നിരിക്കുകയാണ്.

Share news