റെയിൽവേ സ്റ്റേഷനിൽനിന്ന് കൈവിലങ്ങുമായി പ്രതികൾ രക്ഷപ്പെട്ടു: ഒരാൾ പിടിയിൽ

വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽനിന്ന് കൈവിലങ്ങുമായി പ്രതികൾ രക്ഷപ്പെട്ടു. ഒരാൾ പിടിയിൽ. മറ്റെയാൾക്കായി പൊലീസും നാട്ടുകാരും തിരച്ചിൽ ഊർജിതമാക്കി. നിരവധി കേസുകളിലെ പ്രതിയായ വടിവാൾ വിനീതും കൂട്ടാളിയുമാണ് രക്ഷപ്പെട്ടത്. കൊല്ലം പറവൂർ ആറ്റുപുറം കോളനി സ്വദേശി രാഹുൽ (44) ആണ് പിടിയിലായത്.

ആലപ്പുഴ എടത്വ വൈപ്പിശ്ശേരി ലക്ഷം വീട് കോളനിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ വടിവാൾ വിനീത് എന്ന വീനിത് (25) ആണ് പിടിയിലാകാനുള്ളത്. ചൊവ്വാഴ്ച പകൽ 12 ഓടെയാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങവേ കൈവിലങ്ങുമായി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. സ്റ്റേഷന് പിന്നിലുള്ള ചെരൽപ്പറമ്പ് വഴി കാട്ടിനുള്ളിലേക്കാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. പ്രദേശത്തെ പുഴയോരത്തെ പറമ്പിൽ ഒളിച്ചിരിക്കവേ വൈകിട്ട് 5.30 ഓടെ നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരേയും പിടികൂടാൻ ശ്രമിച്ചു. രാഹുലിനെ പിടികിട്ടിയെങ്കിലും വിനീത് രക്ഷപ്പെട്ടു. ഇയാൾക്കായി പ്രദേശത്ത് പൊലീസും നാട്ടുകാരും ചേർന്ന് രാത്രിയിലും തിരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്‌ച ആലപ്പുഴ സബ്ജയിലിൽ നിന്നും ഇരുവരേയും വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ട്രെയിനിൽനിന്ന് ഇറങ്ങുന്ന സമയത്ത് വിലങ്ങഴിച്ച് രാഹുലിന്റെ കൈയിൽ മാത്രമായി ഇട്ടിരുന്നു. പിന്നാലെ ഇവർ ട്രെയിനിന്റെ എതിർ ദിശയിലുള്ള വാതിലിലൂടെ ട്രാക്കിലേക്ക് ചാടി ഓടുകയായിരുന്നു. വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച പൾസർ ബൈക്കിലാണ് ഇവർ അമ്പലപ്പുഴയിലെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

വിവിധ സ്റ്റേഷനുകളിൽ 60 ഓളം കേസുകളുള്ള പ്രതിയാണ് വിനീത്. 2017-ൽ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി രണ്ടുവർഷത്തോളം ജയിൽശിക്ഷ. 2019-ൽ ജയിൽമോചിതനായതോടെ മോഷണത്തിനൊപ്പം വടിവാളാക്രമണവും തുടങ്ങി വടക്കാഞ്ചേരി സിഐ റീജിൻ എം തോമസിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

