KOYILANDY DIARY.COM

The Perfect News Portal

ബേപ്പൂർ സുല്‍ത്താന്‍; ഓര്‍മകളില്‍ വീണ്ടും ജ്വലിച്ച് ബഷീര്‍

ഓര്‍മകളില്‍ വീണ്ടും ജ്വലിച്ച് ബഷീര്‍. ഈ അണ്ഡകടാഹത്തിലെ സകല ജീവികളും ഭൂമിയുടെ അവകാശികളാണെന്നു നമ്മെ പഠിപ്പിച്ച വിശ്വ സാഹിത്യകാരന്റെ ഓര്‍മ ദിനമാണിന്ന്. ലളിത സുന്ദരമായ ഭാഷയിലൂടെ ഒരു കാലഘട്ടത്തെയാകെ അടയാളപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ പകരക്കാരനില്ലാത്ത ഒരൊറ്റ മരമായി മലയാള സാഹിത്യത്തില്‍ ഇന്നും നിലനില്‍ക്കുമ്പോള്‍ നീണ്ട 30 വര്‍ഷത്തിനു ശേഷവും അദ്ദേഹത്തിന്റെ ഓര്‍മകളാണ് മലയാളത്തിന്റെ തണലും തണുപ്പും. 1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലായിരുന്നു ബഷീറിന്റെ ജനനം.

 

സ്‌കൂള്‍ പഠനകാലത്ത് ഗാന്ധിജിയെ കാണാനായി വീട്ടില്‍ നിന്നും പോയതു മുതലാണ് അദ്ദേഹത്തിന്റെ ജീവിതം ഗതിമാറുന്നത്. കോഴിക്കോട്ടെത്തി ഗാന്ധിജിയെ കണ്ട ബഷീര്‍ പിന്നീട് സ്വാതന്ത്ര്യ സമരരംഗത്തേക്ക് വന്നു. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ 1930ല്‍ അദ്ദേഹം ജയിലിലായി. സമരത്തിനിടെ ഗാന്ധിയെ തൊട്ട കഥ പില്‍ക്കാലത്ത് അഭിമാനത്തോടെ പരാമര്‍ശിച്ച ബഷീര്‍ പതിയെ എഴുത്തിലേക്ക് തിരിഞ്ഞു. അക്കാര്യത്തെക്കുറിച്ചും അദ്ദേഹം രസകരമായി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതിങ്ങനെയാണ്.

 

കുഴിമടിയന്മാരായ ബഡുക്കൂസുകള്‍ക്ക് ചെയ്യാന്‍ പറ്റിയൊരു പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോള്‍ നിധി കിട്ടിയമാതിരി ഒരെണ്ണം കിട്ടി. സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാല്‍ മതി. അനുഭവങ്ങള്‍ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാല്‍ മതി. എഴുതി. അങ്ങനെ ഞാന്‍ എഴുത്തുകാരനായി. പക്ഷേ, ആ എഴുത്തുകള്‍ മലയാളികള്‍ക്ക് പുതിയൊരു ഭാവപ്രപഞ്ചമാണ് പിന്നീട് തുറന്നു നല്‍കിയത്. മലയാള ഭാഷ അന്നുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനവും പ്രയോഗങ്ങളും ആ തൂലികയിലൂടെ പ്രവഹിച്ചു.

Advertisements

 

വായനക്കാര്‍ ബഷീറിന്റെ നര്‍മ്മ രസങ്ങളിലൂടെ ഊറിച്ചിരിച്ചു. ചിലപ്പോഴൊക്കെ വിതുമ്പി. ബഷീറിയന്‍ സാഹിത്യം പില്‍ക്കാലത്ത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായിപ്പോലും മാറി. അദ്ദേഹം ബേപ്പൂര്‍ സുല്‍ത്താനായി. സാധാരണക്കാരുടെ ജീവിതമായിരുന്നു ബഷീര്‍ എപ്പോഴും എഴുതിയത്. ജയില്‍പ്പുള്ളികളും പട്ടിണി കിടക്കുന്നവരും സ്വവര്‍ഗാനുരാഗികളും ഭിക്ഷക്കാരും വേശ്യകളും എല്ലാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി. സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. പ്രകൃതിയിലെ സകല ജീവജാലങ്ങളെയും ബഷീര്‍ സ്‌നേഹിച്ചു.

 

മൂര്‍ഖനും ആടും പൂച്ചയും മൂക്കനും ആനയുമെല്ലാം അദ്ദേഹത്തിന്റെ വാല്‍സല്യമനുഭവിച്ചവരാണ്. അവരൊക്കെ തന്നെയായിരുന്നു ബഷീര്‍ കഥകളിലെ നായകന്‍മാരും. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നും ബഷീര്‍ അന്നു കടലാസിലേക്ക് പകര്‍ത്തിയ ജീവിതങ്ങളൊക്കെ ഇന്ന് മലയാളത്തിന്റെ ക്ലാസിക്കുകളാണ്. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, മതിലുകള്‍, പ്രേമലേഖനം, അനര്‍ഘ നിമിഷം എന്നിവ സാഹിത്യപ്രേമികള്‍ ഇന്നും നെഞ്ചേറ്റുന്ന ബഷീറിയന്‍ ക്ലാസിക്കുകളാണ്.

1994 ജൂലായ് 5ന് ഇഹലോകത്ത് നിന്നും വിടവാങ്ങിയ ബഷീറെന്ന ആ മഹാപ്രതിഭയുടെ ഓര്‍മകള്‍ സാഹിത്യപ്രേമികള്‍ക്ക് ഇന്നും മനസ്സിലൊരു കുളിര്‍മയാണ്. മാങ്കോസ്റ്റീന്‍ മരച്ചുവട്ടിലെ ചാരുകസേരയിലിരുന്ന് തന്റെ ഗ്രാമഫോണില്‍ ‘സോജാ രാജകുമാരി’ പാട്ടും കേട്ടിരിക്കുന്ന ബഷീറിന്റെ ചിത്രം ഇന്ന് മലയാള സാഹിത്യത്തിന്റെ തന്നെ ഒരു ബ്രാന്‍ഡായിരിക്കുന്നു. പ്രിയ കഥാകാരന്റെ ഓര്‍മകള്‍ക്ക് പ്രണാമം.

Share news