കൊല്ലത്ത് അച്ചന്‍കോവില്‍ കാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി
കൊല്ലം: കൊല്ലത്ത് അച്ചന്‍കോവില്‍ കോട്ടവാസല്‍ ഭാഗത്ത് കാട്ടില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ടത്. പഠനയാത്രയ്ക്ക് പോയതായിരുന്നു ഇവര്‍.

ക്ലാപ്പന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണിവര്‍. കുട്ടികളെ രക്ഷപ്പെടുത്താന്‍ പൊലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്. രക്ഷപ്പെടുത്തിയവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ല.

പുലര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തില്‍ നിന്ന് പുറത്തെത്തിച്ചത്. ഇന്നലെ പകല്‍ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു. എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും വനത്തില്‍ ശക്തമായി മഴ പെയ്‌തതും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്.

