ഇരിങ്ങൽ -കോട്ടക്കൽ ബീച്ച് റോഡിൻറെ ശോചനീയവസ്ഥയിൽ വിദ്യാർത്ഥി ജനത പ്രതിഷേധിച്ചു
പയ്യോളി: പയ്യോളി ബീച്ച് കൊളാവിപ്പാലം വഴി ഇരിങ്ങൽ -കോട്ടക്കൽ ബീച്ച് റോഡിൻറെ ശോചനീയവസ്ഥയിൽ വിദ്യാർത്ഥി ജനത കൊളാവിപ്പാലം കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. വർഷങ്ങളോളമായി റോഡിൻറെ അറ്റകുറ്റ പണി നടത്തിയിട്ട്. പയ്യോളിയിൽ നിന്ന് തീരദേശം വഴി വടകരയിലേക്ക് ഓടിയ ബസ്സ് റൂട്ടുകൾ നിർത്തി. ഓട്ടോറിക്ഷകൾ വരെ ഓടാൻ തയ്യാറാവുന്നില്ല. കാൽനടയാത്ര വരെ ദുരിതത്തിലാണ്.

അത്യാവശ്യമുള്ള ജീപ്പ് സർവ്വീസ് മാത്രമാണ് ജനങ്ങൾ ആശ്രയിക്കുന്നത്. പല ഭാഗങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾ, പലസ്ഥലങ്ങളിലും ജോലി ചെയ്യുന്ന ആളുകൾ, തീരദേശവാസികളും വളരെ ബുദ്ധിമുട്ടിലാണ്. വർഷങ്ങളോളമായി ഗവൺമെൻറിനെയും ജനപ്രതിനിധികളെയും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ റോഡിൻറെ ആസ്തി -പയ്യോളി മുനിസിപാലിറ്റിയോ പൊതുമരാമത്തോ ഫിഷറീസോ ജില്ലാ പഞ്ചായത്തിൻറയോയെന്ന് ആരുടെ പേരിലാണെന്നു പോലും കൃത്യമായി ആർക്കും അറിയില്ല.

പ്രതിഷേധ ധർണ ജനതാദൾ എൽ.ജെ.ഡി. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാജൻ കൊളാവിപ്പാലം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി ജനത ജില്ലാ കമ്മിറ്റി അംഗം ഇ. ആദർശ് അധ്യക്ഷത വഹിച്ചു. ഈ വിഷയത്തിൽ പൊതുജനങ്ങളെ സംഘടിപ്പിച്ച് ജനപ്രതിനിധികൾ മുഖാന്തരം ഗവൺമെൻറ് തലത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പറഞ്ഞു. ഭാരവാഹികളായ അഭിജിത്ത് എം.ടി, അശ്വിൻ പയ്യോളി, ധനേഷ് വി.സി, സ്നേഹ സത്യൻ, അഭിരാജ് വി.കെ, മഞ്ജിമ എം.ടി, ആര്യ എം.ടി. എന്നിവർ നേതൃത്വം കൊടുത്തു.
