കാസര്‍ഗോഡ് വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം; ആറു വാഹനങ്ങള്‍ക്കെതിരെ കേസ്
കാസര്‍ഗോഡ് തലശേരി-മാഹി ബൈപ്പാസില്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം. സംഭവത്തില്‍ ആറു വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ഉത്രാട ദിനത്തിലായിരുന്നു വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം നടന്നത്.

വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളാണ് അഭ്യാസ പ്രകടനം നടത്തിയത്. മാങ്ങാട്-കവിയൂര്‍ ഭാഗത്താണ് കാറിലും ബൈക്കിലുമായെത്തി അഭ്യാസ പ്രകടനം നടത്തിയത്. പ്രദേശത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികളും വാഹനത്തിലുണ്ടായിരുന്നു. വാട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി വാഹനങ്ങള്‍ വാടകയ്ക്കെടുത്താണ് ഓണാഘോഷം എന്ന പേരിലാണ് തെരുവിലിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടിയെടുത്തത്. ആറു വാഹനങ്ങള്‍ക്കെതിരെ പിഴയീടാക്കുകയും മോഡിഫിക്കേഷന് നടത്തിയ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

