KOYILANDY DIARY

The Perfect News Portal

ഗ്യാസിന് 200 രൂപ സബ്‌സിഡി അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം തെരഞ്ഞെടുപ്പ് നാടകം

ന്യൂഡൽഹി: പാചക ഗ്യാസിന് 200 രൂപ സബ്‌സിഡി അനുവദിക്കാനുള്ള കേന്ദ്ര തീരുമാനം വെറും തെരഞ്ഞെടുപ്പ് നാടകം. അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ടുള്ള രാഷ്ട്രീയ നീക്കം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കഴിഞ്ഞ ഏഴുമാസമായി ശരാശരി 80 ഡോളറിൽ തുടരുമ്പോഴും അനങ്ങാത്ത സർക്കാരാണ്‌ തെരഞ്ഞെടുപ്പിന്‌ മാസങ്ങൾ ശേഷിക്കെ ഇളവ്‌ പ്രഖ്യാപിച്ചത്‌.

പാചകവാതകത്തിന്‌ നൽകിയിരുന്ന സബ്‌സിഡി 2021 ജൂണിലാണ്‌ മോദി സർക്കാർ പിൻവലിച്ചത്‌. കോവിഡ്‌ കാലത്തെ അടച്ചിടലിനെ തുടർന്ന്‌ ഇടിഞ്ഞ ക്രൂഡോയിൽ വില പടിപടിയായി ഉയർന്ന ഘട്ടത്തിലായിരുന്നു ഇത്. 2022 സെപ്‌തംബറിൽ വീണ്ടും ഇടിഞ്ഞ്‌ 90 ഡോളറിന്‌ താഴെയെത്തി. കഴിഞ്ഞ മാർച്ചിൽ 68 ഡോളറായി. അപ്പോഴും സബ്‌സിഡി പുനഃസ്ഥാപിക്കാൻ കേന്ദ്രം തയ്യാറായില്ല. മോദി ഭരണത്തിലേറുമ്പോൾ ഡൽഹിയിൽ 14.1 കിലോ സിലിണ്ടറിന്‌  410 രൂപ മാത്രമാണുണ്ടായിരുന്നത്‌. ഇത്‌ 1103 രൂപ വരെയായി. 800 രൂപയോളം പടിപടിയായി വർധിപ്പിച്ച ശേഷമാണ്‌ 200 രുപയുടെ ഈ ആശ്വാസമെന്ന്‌ അർഥം.

രക്ഷാബന്ധൻ ദിവസത്തിൽ സഹോദരികൾക്ക്‌ ആശ്വാസമേകാനാണിതെന്നാണ്‌ മോദിയുടെ അവകാശവാദം. മണിപ്പുരിൽ സ്‌ത്രീകൾ നഗ്നരാക്കപ്പെട്ടപ്പോഴും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റ്‌ കൂടിയായ ബിജെപി എംപി ബ്രിജ്‌ഭൂഷൺ സിങ്ങിന്റെ പീഡനങ്ങളിൽ മനംനൊന്ത്‌ ഗുസ്‌തി താരങ്ങൾ പ്രതിഷേധിച്ചപ്പോഴും ഇല്ലാത്ത സ്‌നേഹമാണ്‌ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോൾ ഉണർന്നത്‌.

Advertisements

നടപ്പുവർഷം എണ്ണക്കമ്പനികളുടെ ലാഭം ഒരു ലക്ഷം കോടി എത്തുമെന്നും അമിത ഇന്ധന നികുതിയിലൂടെ കേന്ദ്രവരുമാനം 3.39 ലക്ഷം കോടിയാകുമെന്നുമുള്ള കണക്കുകളുണ്ട്‌. ഇതിനിടെയാണ്‌ നടപ്പുവർഷം 7680 കോടി രൂപമാത്രം അധികചെലവ്‌ വരുന്ന സബ്‌സിഡി പ്രഖ്യാപനം.