ലഹരി വിരുദ്ധ നടപടികൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നിവേദനം നൽകി

കൊയിലാണ്ടി: വർധിച്ചു വരുന്ന ലഹരി ഉപയോഗവും വിപണനവും നിർമാർജനം ചെയ്യുന്നതിനാവശ്യമായ ബോധവൽക്കരണവും നിയമനടപടികളും കർശനമാക്കണമെന്നാവശ്യപ്പെട്ട് പൂക്കാട് മർക്കസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നിവേദനം നൽകി. വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം തികച്ചും മാതൃകാപരമാണെന്നും ഭാവിയിൽ ലഹരി ഉപയോഗമടക്കമുള്ള സാമൂഹ്യ തിന്മകൾക്കെതിരെ കർമ്മ രംഗത്തിറങ്ങാൻ വിദ്യാർത്ഥികൾക്ക് ഇത് പ്രചോദനമാകട്ടെ എന്നും അവർ പറഞ്ഞു.

“ലഹരിയോട് വിട പറയാം, നല്ല നാട് നിർമ്മിക്കാം” എന്ന പ്രമേയത്തിൽ മാർച്ച് 20ന് ആരംഭിച്ച സീറോ ഡ്രഗ്സ് ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായാണ് സ്കൂൾ മഴവിൽ ക്ലബ് അംഗങ്ങൾ, പ്രസിഡണ്ട് സതി കിഴക്കയിൽ, സെക്രട്ടറി അനിൽ കുമാർ എന്നിവർക്ക് നിവേദനം നൽകിയത്. സ്കൂൾ ലീഡർ ലഹ്ദാൻ ബക്കർ, ക്ലബ് ചീഫ് ഇഹ്‌സാൻ, ഫൈസാൻ, റിഷാൻ, അഫ്ലഖ്, അൽഹാൻ അഹ്മദ്, അഫ്താബ്, തൻസീർ എന്നിവർ നിവേദനം കൈമാറി. മെയ് 20ന് സമാപിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിളംബരം, കയ്യൊപ്പ്, അക്ഷര യുദ്ധം, കൊളാഷ്, ഡിജി ആന്റി – ഡി, ബ്രില്യൻസ് ടോക്ക് തുടങ്ങി വ്യത്യസ്ത പരിപാടികൾ നടക്കും.
