നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു
.
കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കോഴിക്കോട് നാദാപുരം ടൗണിനോട് ചേർന്ന വ്യാപാര സമുച്ഛയത്തിലും സംസ്ഥാന പാതയിലുമായാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്. നൂറോളം വരുന്ന വിദ്യാർത്ഥികളാണ് തമ്മിൽ തല്ലിയത്.

നാദാപുരം പൊലീസ് എത്തി ലാത്തി വീശിയും നാട്ടുകാർ ഇടപെട്ടുമാണ് വിദ്യാർത്ഥികളെ പിരിച്ചുവിട്ടത്. മൂന്ന് വർഷം മുമ്പ് പേരോട് സ്കൂളിൽ വെച്ച് വിദ്വാർത്ഥികൾ തമ്മിലുണ്ടായ കുടിപ്പകയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. നാദാപുരത്ത് ടർഫിൽ നിന്നും വിദ്യാർത്ഥികൾ തമ്മിൽ തല്ലിയതിന് നേരത്തെ നാദാപുരം പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സംഘട്ടനത്തിലും പൊലീസ് ലാത്തിചാർജിലും പലർക്കും പരുക്കേറ്റെങ്കിലും ആരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ല. നാദാപുരം ഉപജില്ലാ കലോത്സവം നാദാപുരം ടൗണിൽ പുരോഗമിക്കുകയാണ്. കലോത്സവ സ്ഥലത്ത് എത്തിയ വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.




