കോഴിക്കോട് 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരികരിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് നടക്കാവിലാണ് തെരുവുനായ ആക്രമണമുണ്ടായത്. കടിയേറ്റ എല്ലാവർക്കും പേവിഷ പ്രതിരോധ വാക്സിൻ നൽകിയിരുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് കോർപറേഷൻ അറിയിച്ചു.

ചൊവ്വാഴ്ച പകൽ നഗരത്തിലെ ക്രിസ്ത്യൻ കോളേജ് പരിസരം, ഈസ്റ്റ് നടക്കാവ്, കെഎസ്ആർടിസി ബസ് -സ്റ്റാൻഡ്, അത്തോളി എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികളെയടക്കം തെരുവുനായ്‌ക്കൾ ആക്രമിച്ചത്. നാല് വയസുകാരിക്കും തെരുവുനായയുടെ കടിയേറ്റിരുന്നു. എല്ലാവർക്കും ഗവ. ജനറൽ ബീച്ച് ആശുപത്രിയിൽനിന്നു പേ വിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.

നാട്ടുകാർക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ കോഴിക്കോട് കോർപ്പറേഷൻ നായയെ പിടികൂടിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നായ ചത്തു. കണ്ണൂർ ആർഡിഡിഎല്ലിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. പേവിഷബാധ സ്ഥിരീകരിച്ച നായയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഇരുപതോളം നായകളെ നിരീക്ഷിച്ചുവരികയാണ്.




