കളള് ഷാപ്പുകൾ ആധുനിക വൽക്കരിക്കണം; മന്ത്രി എം ബി രാജേഷ്

തൊടുപുഴ: കള്ള് വ്യവസായം സംരക്ഷിക്കാൻ മേഖലയിൽ വൈവിധ്യ, ആധുനിക വൽക്കരണം വേണമെന്ന് മന്ത്രി എം ബി രാജേഷ്. തൊടുപുഴയിൽ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംസ്ഥാന സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അനേകായിരങ്ങളുടെ ഉപജീവനമാർഗമായ കള്ള് വ്യവസായം തളർന്നുപോകാതെ സംരക്ഷിക്കും.

കള്ള് ഷാപ്പുകളുടെ മുഖച്ഛായ മാറ്റണം. ഷാപ്പുകളെ കള്ളിന് വേണ്ടി മാത്രമല്ല, നല്ല ഭക്ഷണത്തിന് കൂടിയാണ് ആശ്രയിക്കുന്നത്. ഷാപ്പുകറികൾക്ക് വലിയ മാർക്കറ്റുണ്ട്. ഷാപ്പുകളുടെ അന്തരീക്ഷത്തിൽ മാറ്റം വേണം. ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. കള്ള് ഷാപ്പ് വിൽപന ഓൺലൈനാക്കിയത് അഴിമതിയില്ലാതാക്കി. ആദ്യഘട്ടത്തിൽ വിൽപനയിൽ പങ്കെടുക്കാൻ പറ്റാതെ പോയവർക്ക് കൂടുതൽ സമയമനുവദിക്കും. വിൽപനയിൽ പോകാത്ത ഷാപ്പുകൾ പുനർവിൽപന നടത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ട്, വ്യാജമദ്യത്തോട് വിട്ടുവീഴ്ചയുണ്ടാകില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് തെറ്റ് സംഭവിച്ചാൽ നടപടികളെടുക്കും. കള്ളിന്റെ സാമ്പിൾ പരിശോധനയ്ക്കെടുക്കുമ്പോൾ ഒരു സാമ്പിൾ ഉടമയ്ക്കും നൽകണമെന്ന ആവശ്യം നടപ്പാക്കും. തെങ്ങിൽനിന്ന് ചെത്തുന്ന കള്ളിന്റെ അളവ് വർധിപ്പിക്കണമെന്നത് കഴിഞ്ഞ മദ്യനയചർച്ചയിൽ ഉന്നയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ അളവ് പുനർനിർണയിക്കാൻ വിദഗ്ധ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടുന്നതിനനുസരിച്ച് നടപ്പാക്കും. ടോഡി ബോർഡ് രൂപീകരിച്ച വിവരവും മന്ത്രി പങ്കുവച്ചു.

