സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
.
സ്കൂൾ കലോത്സവത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് അരങ്ങുണരാൻ പോകുകയാണ്. രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ.എസ്. കെ ഉമേഷ് മുഖ്യ വേദിക്ക് മുന്നിൽ പതാക ഉയർത്തുന്നതോടെ സ്കൂൾ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. രാവിലെ 10. 15 ഓടെ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും.

തുടർന്ന് തേക്കിൻക്കാട് മൈതാനത്ത് 100 കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാണ്ടിമേളവും, കുടമാറ്റവും അരങ്ങേറും. 25 വേദികളിലായി 249 മത്സര ഇനങ്ങളാണ് നടക്കുന്നത്. 15000 ത്തോളം കലാതാരങ്ങൾ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കും. രാവിലെ പ്രഭാത ഭക്ഷണം വിളമ്പുന്നതോടെ കലോത്സവത്തിന്റെ ഭക്ഷ്യപ്പുരയും സജീവമാകും.

ഒരേസമയം 4000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അതിവിശാലമായ രീതിയിലാണ് ഭക്ഷണപ്പന്തൽ ഒരുക്കിയിട്ടുള്ളത്. 18 ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സമാപനമാകും, നടൻ മോഹൻ ലാൽ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ എന്നിവർ കലോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളിലും കലോത്സവ നഗരിയിലുണ്ടായിരുന്നു. കൃത്യമായി എല്ലാം പരിശോധിച്ചിട്ടുണ്ടെന്നും ഒരുക്കങ്ങളെല്ലാം പൂർത്തിയായി സമയബന്ധിതമായി തന്നെ മത്സരങ്ങൾ മുന്നോട്ട് കൊണ്ട് പോകുമെന്നും മന്ത്രിമാർ പറഞ്ഞു.




