KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷി കലാപ്രതിഭകൾക്കായി സംസ്ഥാന ആർട്ട് ട്രൂപ്പായ റിഥം പദ്ധതിക്ക് നാളെ തുടക്കം

കോട്ടയം: ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ട്രൂപ്പായ റിഥം പദ്ധതിക്ക് നാളെ തുടക്കം. സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിന്റെ ആഭിമുഖ്യത്തിലാണ് റിഥം പദ്ധതി നടപ്പാക്കുന്നത്. മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് ആറു മണിയ്ക്ക് തിരുവനന്തപുരം ലുലു ഇന്റർനാഷണൽ മാളിലാണ് ‘റിഥ’ത്തിന് തുടക്കം കുറിക്കുക.

സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസും കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും (KDISC) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് (Talent Search for Youth with Disabilities). കലാ-സാഹിത്യ മേഖലകളിൽ കഴിവും പ്രാഗത്ഭ്യം തെളിയിച്ച ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ  കണ്ടെത്തുന്നതിനും അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ട സഹായവും പരിശീലനവും ലഭ്യമാക്കാനും ആരംഭിച്ച പദ്ധതിയാണിത്.  

പദ്ധതിയ്ക്കു കീഴിൽ സംഗീതം, നൃത്തം വിഡിയോഗ്രാഫി & ഫോട്ടോഗ്രാഫി, ഡ്രോയിങ് & പെയിന്റിങ്, മിമിക്രി തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം ഉള്ള, നാല്പതു ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ള പ്രതിഭകളെ അറിയിപ്പ് നൽകി സ്ക്രീനിംഗ് നടത്തി കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട 46 പേർക്ക് ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് (TSYD) ആദ്യഘട്ട പരിപാടിയുടെ ഭാഗമായി ത്രിദിന സഹവാസ ക്യാമ്പ് നടത്തി.

Advertisements

 

അവരവരുടെ കഴിവുകൾ വികസിപ്പിക്കുന്ന പരിശീലനങ്ങളും സഹായങ്ങളും നൽകി. 2022-23 സാമ്പത്തികവർഷം രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിൽ 41 പ്രതിഭകളെ തിരഞ്ഞെടുത്തു. ഇവർക്ക് സർക്കാരിന്റെ കേരളീയം, മുഖാമുഖം എന്നിവയടക്കമുള്ള വേദികൾ നൽകി. തുടർന്നാണ് ‘അനുയാത്ര’ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന്റെ നാലാമത് നൂറുദിന പരിപാടിയുടെ ഭാഗമായി ‘റിഥ’ത്തിന് രൂപം നൽകിയത്- മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

Share news