സ്പാറ്റൊ തിരുവനന്തപുരം ജില്ലാ സമ്മേളനം ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സ്പാറ്റൊ തിരുവനന്തപുരം ജില്ലാ സമ്മേളനം എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘടനയാണ് സ്പാറ്റോ. കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന ലേബർ കോഡ് രാജ്യത്തെ തൊഴിൽ മേഖലയെ തകർക്കുന്നതാണെന്നും തൊഴിലാളി വിരുദ്ധമായ ഈ നിയമം നടപ്പിലാക്കില്ല എന്ന സധൈര്യം നിലപാടെടുത്തത് കേരളത്തിലെ ഇടതുപക്ഷ സർക്കാർ മാത്രമാണെന്ന് പൊതുസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് സാമ്പത്തിക അടിത്തറ പാകിയ പൊതുമേഖലയെ കോർപ്പറേറ്റുകൾക്കായി വിറ്റുതുലയ്ക്കുകയാണ് കേന്ദ്ര സർക്കാർ. ലേബർ കോഡ് നടപ്പിലാക്കുന്നതോടെ 80 മേഖലകളിൽ മിനിമം കൂലി ഇല്ലാതാകും. രാജ്യത്തെ തൊഴിൽ മേഖലയെ നാലായി ചുരുക്കുകയും ഓരോ മേഖലയ്ക്കും പ്രത്യേകം നിരക്കുമാണ് ലേബർ കോഡ് മുന്നോട്ടുവയ്ക്കുന്നത്. ഒപ്പം തൊഴിൽ സമയം 8 മണിക്കൂറിൽ നിന്നും 10 മുതൽ 12 മണിക്കൂറിലേക്ക് ഉയർത്തുവാനും തയ്യാറെടുക്കുന്നു.

രാജ്യത്തെ എല്ലാ മേഖലയിൽ കരാർജോലി വ്യാപകമായിരിക്കുകയാണ്. അതേസമയം ദീർഘകാലമായി കരാർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് തൊഴിൽ സുരക്ഷ നൽകുകയും അർഹതപ്പെട്ട ശമ്പളം ലഭിക്കേണ്ടതുമുണ്ട്. തൊഴിൽ സുരക്ഷ എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് തുടക്കം കറിക്കുവാൻ ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

സ്പാറ്റൊ ജില്ലാ പ്രസിഡണ്ട് അനീഷ് എസ്. പ്രസാദ് സമ്മേളനത്തിന് അധ്യക്ഷനായി. സ്പാറ്റൊ സംസ്ഥാന ജനറൽ സെക്രട്ടറി ആനക്കൈ ബാലകൃഷ്ണൻ, സംസ്ഥാന പ്രസിഡണ്ട് ബിന്ദു വി. സി., കെ. ജി. ഒ. എ. ജില്ലാ സെക്രട്ടറി മണിവർണ്ണൻ ജി.കെ, കെ. എസ്. ഇ. ബി. ഒ. എ ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ്. ആർ, കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് വിദ്യ വിനോദ്, കെ. ഡബ്ലിയു. ഒ. എ യുടെ ബൈജു, സ്പാറ്റൊ ജില്ലാസെക്രട്ടറി ഡോ. റ്റി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.

പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറിയും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ആർ. രാമു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ ബിജു. എസ്.ബി, അജിത് കുമാർ പി, സംസ്ഥാന ട്രഷറർ പ്രദീപ്, ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പ്രമേയങ്ങൾ സമ്മേളനം പാസാക്കി.
