KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങൾ കടത്തിവിടും.

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ ഒറ്റ ലൈനായി ചെറുവാഹനങ്ങൾ കടത്തിവിടും. മഴ കുറയുന്ന സമയങ്ങളിൽ മാത്രമായിരിക്കും ചെറുവാഹനങ്ങൾ കടത്തിവിടുക. ഭാരമേറിയ വാഹനങ്ങൾ അനുവദിക്കില്ല. കോഴിക്കോട് ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. ചുരത്തിലെ കല്ലും മണ്ണും പൂർണമായും നീക്കിയിട്ടുണ്ട്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂർ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിൽ ഉടൻ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജനും വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥിതി അറിയാനാണ് അടിയന്തരയോഗം വിളിച്ചത്. 26 മുതൽ ഇതുവരെയുള്ള കാര്യങ്ങളിൽ കൃത്യമായി അവലോകനം നടത്തി. തുടർ നടപടികളെ കുറിച്ചും ചർച്ച ചെയ്തു. 80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്നും ഇത് വളരെ ഗുരുതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് നല്ല ശബ്ദത്തോടുകൂടി വീണ്ടും പൊട്ടലുണ്ടായി.

 

കുറച്ചുകൂടി ഗുരുതരമായ കാര്യമാണ്. ബ്ലോക്കുകൾ ആയാണ് പാറകൾ പൊട്ടിയിരിക്കുന്നത്. പൊട്ടലുകൾ താഴോട്ട് പോയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അതിനാൽ റിസ്ക് എടുത്ത് വലിയ വാഹനങ്ങൾ വിടാൻ കഴിയില്ല. മഴ മാറിയാൽ കുറ്റ്യാടി ചുരം പൂർണമായും നാളെ മുതൽ ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറയുന്നു. റോഡിന്റെ താഴത്തേക്ക് വിള്ളൽ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. രണ്ട് കളക്ടർമാരും കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. നേരിട്ട് പോയിട്ടില്ല എന്നത് ഇപ്പോൾ അത്ര കാര്യമാക്കേണ്ടതില്ല. മറ്റ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്നും കെ രാജൻ വ്യക്തമാക്കി.

Advertisements

 

അതേസമയം, വയനാട് ചുരം റോഡ് തകർച്ചയിൽ സംസ്ഥാന സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു. നാഷണൽ ഹൈവേ 786ൻ്റെ വികസനത്തിൽ ഉൾപ്പെടുത്തി വയനാട് ചുരത്തിന് ബൈപാസ് നിർമ്മിക്കാൻ അടിയന്തര നടപടി ഉണ്ടാവണമെന്നും സമിതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് താമരശ്ശേരി ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ വലിയ മണ്ണിടിച്ചിലുണ്ടായത്. റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. കാൽനടയാത്രപോലും സാധ്യമല്ലാത്ത വിധമാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്.

Share news