പത്തനംതിട്ടയിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ SIT പരിശോധന നടത്തി
.
ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിലെ വീട്ടിൽ സംഘം പരിശോധന നടത്തി. പീഡനം നടന്നതായി ആരോപിക്കപ്പെടുന്ന തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

2024 ഏപ്രിൽ 8-ന് ഉച്ചയ്ക്ക് ഒരു മണിയോടെ പരാതിക്കാരിയുമായി ഹോട്ടലിൽ എത്തിയതായും മുറിയെടുത്തതായും രാഹുൽ സമ്മതിച്ചിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം ഇയാളെ പത്തനംതിട്ട എ. ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. ഇന്ത്യൻ എംബസി വഴി വിദേശത്ത് താമസിക്കുന്ന പരാതിക്കാരിയുടെ രഹസ്യമൊഴി വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചു. ഇന്ത്യൻ എംബസി മുഖേന ഇതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി തിങ്കളാഴ്ച ഹൈക്കോടതിയുടെ അനുമതി തേടും.

പരാതിയിൽ ഒപ്പില്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം പോലീസ് തള്ളി. പരാതിക്കാരി അയച്ച ഇ-മെയിലിൽ ഇലക്ട്രോണിക് സിഗ്നേച്ചർ ഉണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ നിയമ തടസ്സമില്ലെന്നും പോലീസ് വ്യക്തമാക്കി.




