KOYILANDY DIARY.COM

The Perfect News Portal

ഡിവൈഎഫ്ഐ സ്റ്റാ‍‍ർട്ടപ്പ് ഫെസ്റ്റിവലിന് ആശംസയറിയിച്ച് ശശി തരൂർ

ഡിവൈഎഫ്ഐ സ്റ്റാ‍‍ർട്ടപ്പ് ഫെസ്റ്റിവലിന് ആശംസയറിയിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഡിവൈഎഫ്ഐയുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും ശശി തരൂർ പറഞ്ഞു. എഎ റഹീം എംപിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ശശി തരൂരിനെ സ്റ്റാർട്ടപ്പ് ഫെസ്റ്റിന് ഡിവൈഎഫ്ഐ ക്ഷണിച്ചിരുന്നു. എ റഹീം എംപി നേരിട്ട് എത്തിയാണ് തരൂരിനെ ക്ഷണിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയാണ് തരൂരിനെ ക്ഷണിച്ചത്.

വികസന കാര്യത്തിൽ തരൂരിന്റെ നിലപാട് സ്വാഗതാർഹമെന്ന് എഎ റഹീം എംപി പറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസന നിലപാടിൽ തരൂർ ഉറച്ചുനിൽക്കുന്നതായും എ എ റഹീം എംപി കൂട്ടിച്ചേർത്തു.

Advertisements

എഎ റഹീം എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

മവാസോയിലേയ്ക്ക് ശ്രീ ശശിതരൂർ എം പി യെ ക്ഷണിച്ചു. ഡി വൈ എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റാർട്ട്‌ അപ്പ് ഫെസ്റ്റിവലിലേക്ക് ശ്രീ ശശി തരൂരിനെ ക്ഷണിച്ചു. രാജ്യത്തു ആദ്യമായാണ് ഒരു യുവജന സംഘടന സ്റ്റാർട്ട്‌ അപ്പ് ഫെസ്റ്റിവൽ നടത്തുന്നത്. മാർച്ച്‌ 1,2 തിയതികളിലാണ് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഡി വൈ എഫ് ഐ യുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും അദ്ദേഹം അഭിനന്ദിച്ചു. വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്നും ശ്രീ ശശി തരൂർ പറഞ്ഞു. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്കായി യാത്ര ഉള്ളതിനാൽ മാവാസോയിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന് അദ്ദേഹം അസൗകര്യം അറിയിച്ചു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയാണ് ക്ഷണിച്ചത്.

Share news