KOYILANDY DIARY

The Perfect News Portal

അനുകരണകലയിലെ വേറിട്ട ശബ്ദവുമായി ഷഗ്നാ രാജ്

അനുകരണകലയിലെ വേറിട്ട ശബ്ദവുമായി ഷഗ്നാ രാജ്. കൊയിലാണ്ടി: ലോക മലയാളികൾ നെഞ്ചേറ്റിയ കലാഭാവൻ മണി എന്ന അതുല്യ പ്രതിഭയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ “മണിമുഴക്കം പ്രതിഭാപുരസ്‌കാരം” അനുകരണ കലയിലെ പുതു വാഗ്ദാനമായ കൊയിലാണ്ടി സ്വദേശി ഷഗ്നരാജ് തിരുവനന്തപുരത്തു നടന്ന നിറവ് സാംസ്കാരിക  ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

ഫ്ലവേഴ്സ്, അമൃതാ ചാനൽ കോമഡി ഷോയിലൂടെ സമീപകാലത്ത് പ്രശസ്തിയിലെത്തിയ ഷഗ്ന, എൽ. പി.  സ്കൂൾ പഠനകാലം മുതൽ തന്നെ കലാരംഗത്ത് അദ്ധ്യാപകരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. രണ്ടാം ക്ലാസ് മുതൽ മിമിക്രി രംഗത്ത് കഴിവുകൾ പ്രകടമാക്കിത്തുടങ്ങിയ ഈ കലാകാരിക്ക് ജേഷ്ഠൻ റൂബിൻ രാജ് ആയിരുന്നു ഏക പ്രചോദനം. പിന്നീട് മിമിക്രിയിൽ മറ്റ് പരിശീലകരുടെയൊ വഴികാട്ടികളുടെയൊ സഹായം തേടേണ്ടി വന്നില്ല.

ഹൈസ്കൂൾ – കോളജ് പഠനകാലത്ത് മിമിക്രിയിലെന്ന പോലെ പാട്ടിലും ഡാൻസിലും മികവ് പുലർത്തിയതോടൊപ്പം ചെണ്ടവാദ്യത്തിലും ഈ കലോപാസക പെൺകരുത്തിൻ്റെ പ്രതിഭ തെളിയിച്ചു. കലോത്സവ വേദികളിൽ നിറസാന്നിധ്യമായി മാറിയ ഷഗ്ന എച്ച്. എസ് വിഭാഗം നാടകാഭിനയത്തിലും മിമിക്രിയിലും എ ഗ്രേഡ് നിലനിർത്തി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ചെണ്ട, തായമ്പക, മേളം എന്നിവയിൽ തിരുവള്ളൂർ രാജേഷ്, വെളിയണ്ണൂർ അനിൽ കുമാർ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച് കൊണ്ട് അരങ്ങേറ്റം കുറിച്ചത്.

Advertisements

2018 ൽ ഫ്ലവേഴ്സ് ചാനലിനൊപ്പം ചേർന്ന് ഗിന്നസ് വേൾഡ് റെക്കോഡ് ബഹുമതി സ്വന്തം പേരിൽ നേടിയെടുക്കാൻ ഈ കൊയിലാണ്ടിക്കാരിക്ക് കഴിഞ്ഞു. നിരവധി വേദികളിലൂടെ ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഷഗ്ന രാജ് തൻ്റെ ബിരുദ പഠനത്തിന് ശേഷം ഒരു സ്വകാര്യ കമ്പനിയിൽ ജോലിയിൽ തുടരവെയാണ് കോമഡി ഉത്സവ വേദിയിലേക്ക് ഓഡിഷനിലൂടെ തെരെഞ്ഞെടുക്കപ്പെടുന്നത്.

ഇക്കഴിഞ്ഞ 2023 പുതുവത്സരപ്പുലരിയിൽ ‘മണി മുഴക്കം” പുരസ്കാരവും കൈവന്നതോടെ ഈ പെൺമിടുക്കിൻ്റെ ബഹുമുഖ പ്രതിഭയ്ക്ക് പൂർവ്വാധികം തിളക്കമേറും. കൊയിലാണ്ടി മണമൽ യദുകുലം വീട്ടിൽ ജയരാജൻ – റീന ദമ്പതികളുടെ മകളാണ് ഷഗ്ന രാജ്.