‘എന്റെ കേരളം’ പ്രദർശന- വിപണന മേളയുടെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് തുടക്കം

കോഴിക്കോട് ‘എന്റെ കേരളം’ പ്രദർശന- വിപണന മേളയുടെ ഭാഗമായുള്ള സെമിനാറുകള്‍ക്ക് തുടക്കം. ആദ്യ ദിനത്തില്‍ നടന്ന ‘പശ്ചാത്തല വികസനവും ടൂറിസം വളർച്ചയും’ സെമിനാര്‍ പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനംചെയ്തു. പശ്ചാത്തല വികസന മേഖലയിലുണ്ടായ വികസനങ്ങളിലൂടെയും ഡെസ്റ്റിനേഷൻ ടൂറിസം, ഉത്തരവാദിത്വ ടൂറിസം, ടൂറിസം ക്ലബ്ബുകൾ തുടങ്ങിയവയിലൂടെയും പൊതുവായി വിനോദസഞ്ചാര മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി സെമിനാർ വിലയിരുത്തി.

കോവിഡാനന്തരം ലോകം കാണാൻ ആഗ്രഹിക്കുന്ന പ്രധാന ഇടങ്ങളിൽ ഒന്നായി കേരളം മാറിയതിനുപിന്നിൽ സർക്കാരിന്റെ ദീർഘവീക്ഷണമുള്ള പദ്ധതികൾ ഉണ്ടെന്നും ഡിസൈൻ പോളിസിയിലൂടെ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ കഴിയുമെന്നും അഭിപ്രായമുയർന്നു. സെമിനാർ കമ്മിറ്റി ചെയർമാൻ ടി വി നിർമലൻ അധ്യക്ഷനായി. സെമിനാർ നോഡൽ ഓഫീസർ അബ്ദുൽ ഹക്കീം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, മാനേജിങ് ഡയറക്ടർ ഡോ. മനോജ് കിനി, തെന്മല ഇക്കോ ടൂറിസം പ്രോജക്ട് എക്സിക്യൂട്ടീവ് ഡി മനോജ് കുമാർ എന്നിവർ സെമിനാറിൽ പാനലിസ്റ്റുകളായി. ഉത്തരവാദിത്വ ടൂറിസം ജില്ലാ കോ ഓർഡിനേറ്റർ ശ്രീകല ലക്ഷ്മി മോഡറേറ്ററായി.

