KOYILANDY DIARY

The Perfect News Portal

സെക്കുലർ സ്‌ട്രീറ്റിന്റെ യുവജന ജാഥകൾക്ക്‌ ഗ്രാമനഗരങ്ങളിൽ സ്‌നേഹോഷ്‌മള വരവേൽപ്പ്‌

കോഴിക്കോട്‌: സെക്കുലർ സ്‌ട്രീറ്റിന്റെ വിളംബരം മുഴക്കി മുന്നേറുന്ന യുവജന ജാഥകൾക്ക്‌ ഗ്രാമനഗരങ്ങളിൽ സ്‌നേഹോഷ്‌മള വരവേൽപ്പ്‌. സ്വാതന്ത്ര്യദിനമായ ആഗസ്‌ത്‌ 15ന്‌ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ പ്രചാരണാർഥം ജില്ലയിൽ മൂന്ന്‌ യുവജന പദയാത്രയാണ്‌ പര്യടനം നടത്തുന്നത്‌.
ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യത്തെ അട്ടിമറിക്കാനുളള നീക്കത്തിനെതിരായ പോരാട്ടത്തിന്‌ ജനാധിപത്യ കേരളത്തിന്റെ പിന്തുണതേടിയാണ്‌ യുവജനജാഥകൾ.  
മണിപ്പുർ ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങളിൽ കേരളജനതയുടെ നിലപാടുകളും ജാഥ പങ്കുവയ്‌ക്കുന്നു. ഏക സിവിൽ കോഡ്‌ ഉൾപ്പെടെയുള്ള ഹിന്ദുരാഷ്ട്ര നിർമിതിക്കായുള്ള ചതിക്കുഴികളെയും ജാഥയുടെ മുദ്രാവാക്യം തുറന്നുകാട്ടുന്നു. കനത്ത മഴയും വെയിലും അവഗണിച്ച്‌ കിലോമീറ്ററുകളാണ്‌ ഓരോ ദിവസവും പദയാത്രകൾ പിന്നിടുന്നത്‌.
Advertisements
സ്വീകരണകേന്ദ്രങ്ങളിലെ ആയിരങ്ങളോട്‌ സെക്കുലർ സ്‌ട്രീറ്റിന്റെ രാഷ്ട്രീയ പ്രാധാന്യവും വിശദീകരിക്കുന്നു. ജില്ലാ സെക്രട്ടറി പി സി ഷൈജു ക്യാപ്‌റ്റനായ ജാഥ മൂന്നാം നാളിൽ കക്കട്ടിൽനിന്നാണ്‌ പര്യടനം തുടങ്ങിയത്‌. കൈവേലി, കായക്കൊടി, മൊകേരി, കുറ്റ്യാടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം തൊട്ടിൽപ്പാലത്ത്‌ സമാപിച്ചു. ജാഥാ ഉപലീഡർ കെ ഷെഫീക്ക്, മാനേജർ വി പി അമൃത, ജാഥാംഗങ്ങളായ കെ ഭഗീഷ്, സി കെ രൂപേഷ്, എം എം ജീജേഷ്, പി അനൂപ്, ഒ പി അരവിന്ദ്, ആർ എസ്‌ റിബേഷ്, സരോദ്‌ ചങ്ങാടത്ത്‌ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം സംസ്ഥാന ട്രഷറർ എസ്‌ ആർ അരുൺ ബാബു ഉദ്ഘാടനംചെയ്തു. തിങ്കളാഴ്‌ച പാലേരിയിൽനിന്ന്‌ തുടങ്ങി ചാത്തോത്തുതാഴെ സമാപിക്കും. ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ്‌ നയിക്കുന്ന ജാഥ പുതിയപാലത്തുനിന്ന്‌ തുടങ്ങി മെഡിക്കൽ കോളേജിൽ സമാപിച്ചു. തിരുത്തിയാട്‌, കോട്ടൂളി, പൊറ്റമ്മൽ, വെള്ളിമാടുകുന്ന്‌ എന്നിവിടങ്ങളിലും ജാഥക്ക്‌ സ്വീകരണം നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ വൈസ്‌ ക്യാപ്‌റ്റൻ കെ അരുൺ, മാനേജർ എം വി നീതു, ജാഥാംഗങ്ങളായ ടി അതുൽ, പി പി ബബീഷ്‌, ഫഹദ്‌ ഖാൻ, അമിത പ്രദീപ്‌, സിനാൻ ഉമ്മർ, എം റനീഷ്‌, പി നിതിൻ, ആർ ഷാജി, സതീഷ്‌ ബാബു, എൻ ബിജീഷ്‌, അക്ഷയ്‌ പ്രമോദ്‌, എൽ യു അബിത്ത്‌, സി സന്ദേശ്‌, ദിൻഷി ദാസ്‌, അംബി ഇഷ്‌റ എന്നിവർ സംസാരിച്ചു.
സമാപനപൊതുയോഗം കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ ഉദ്‌ഘാടനംചെയ്‌തു. തിങ്കളാഴ്‌ച ചെറുവറ്റക്കടവുനിന്ന്‌ തുടങ്ങി ചെറുകുളത്ത്‌ സമാപിക്കും. സമാപന പൊതുയോഗം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്‌ഘാടനംചെയ്യും. ജില്ലാ ട്രഷറർ ടി കെ സുമേഷ്‌ നയിക്കുന്ന ജാഥ കട്ടാങ്ങലിൽനിന്ന്‌ ആരംഭിച്ച്‌ പൂവാട്ടുപറമ്പിൽ രണ്ടാംദിവസത്തെ പര്യടനം പൂർത്തിയാക്കി.
ജാഥാ വൈസ്‌ ക്യാപ്‌റ്റൻ കെ എം നിനു, മാനേജർ ദിപു പ്രേംനാഥ്‌, വി കെ വിവേക്‌, ലിബിൻ അജയഘോഷ്‌, കെ കെ ഷിബിൻലാൽ, ഒ കെ അനഘ, പി പി ഷിനിൽ, ഷിബിൻ, ടി സരുൺ, എസ്‌ എസ്‌ അതുൽ, നന്ദന, അഭിഷ പ്രഭാകർ എന്നിവർ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. സമാപന പൊതുയോഗം കെ എം സച്ചിൻദേവ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. തിങ്കളാഴ്‌ച അമ്പായത്തോടുനിന്ന്‌ തുടങ്ങി കൊടുവള്ളിയിൽ സമാപിക്കും. സമാപനയോഗം സംസ്ഥാന ട്രഷറർ എസ്‌ ആർ അരുൺബാബു ഉദ്‌ഘാടനം ചെയ്യും.