KOYILANDY DIARY.COM

The Perfect News Portal

കോൺഗ്രസിലെ പൊട്ടിത്തെറി രൂക്ഷമാക്കി കൊയിലാണ്ടിയിൽ രഹസ്യ ഗ്രൂപ്പ് യോഗങ്ങൾ

കൊയിലാണ്ടിയിലെ കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. കൊല്ലത്തും വിയ്യൂരിലും രഹസ്യ ഗ്രൂപ്പ് യോഗം ചേർന്നു. ഔദ്യോഗികപക്ഷത്തിലെ ഒരു വിഭാഗത്തിൻ്റെ ഗ്രൂപ്പ് യോഗം കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്തിൻ്റെയും ഡിസിസി എക്സി. അംഗം വിവി സുധാരൻ്റെയും നേതൃത്വത്തിൽ കൊല്ലത്തെ ഒരു സ്വകാര്യ ട്യഷൻ സെൻ്ററിൽ നടന്നതായാണ് അറിയുന്നത്. മറ്റൊരു വിഭാഗം വിയ്യൂരിലെ രഹസ്യ കേന്ദ്രത്തിലും യോഗം ചേർന്നിരിക്കുകയാണ്. ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ചവരും ചില മണ്ഡലം നേതാക്കളും ഔഗ്യോഗികപക്ഷത്തോട് അതൃപ്തിയുള്ള ചില നേതാക്കളുൾപ്പെടെ വിമത യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗം നൽകിയ വിപ്പ് ലംഘിച്ച് തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി ബാങ്ക് പ്രസിഡണ്ടായ മുരളി തോറോത്തിൻ്റെ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം തെറിച്ചതും രണ്ട് വിമതർ വിജയിക്കുകയും ചെയ്തതോടെ കൊയിലാണ്ടിയിലെ കോൺഗ്രസ്സിൽ കലാപം സൃഷ്ടിച്ചിരിക്കുകയാണ്. ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി നേരിടാനാണ് ഇപ്പോൾ ഇരു വിഭാഗത്തിൻ്റെയും ശ്രമം. ഇതാണ് രഹസ്യ ഗ്രൂപ്പ് യോഗംചേരുന്ന നിലയിൽ എത്തിച്ചത്. കൂടാതെ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് രണ്ട് മണ്ഡലം പ്രസിഡണ്ടുമാർക്ക് ഡിസിസി പ്രസിഡണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുമുണ്ട്. ഇതുകൂടി നടപ്പിലാകുന്നതോടുകൂടി കാര്യങ്ങൾ കൈവിട്ടുപോകുമെന്ന സ്ഥതിയാണുളളത്. ബാങ്ക് പ്രസിഡണ്ട് സ്ഥാനത്തേക്ക് ഔദ്യോഗിക വിഭാഗം രംഗത്തിറക്കിയ ആൾ പരാജയപ്പട്ടതോടെ ഡിസിസി നേതൃത്വവും വെട്ടിലായിട്ടുണ്ട്. 
മത്സരിച്ചു പരാജയപ്പെട്ട ആൾ കെപിസിസി പ്രസിഡണ്ടിൻ്റെ അടുപ്പക്കാരനും കോഴിക്കോട് ജില്ലയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിയുടെ പിന്തുണയുള്ള ആളുമാണ്. ഈ സാഹചര്യത്തിൽ വിജയിച്ചവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടാനാണ് മുൻ ബ്ലോക്ക് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ കെ ജയന്തിൻ്റെ സാന്നിദ്ധ്യത്തിൽ ഗ്രൂപ്പ് യോഗം നടന്നത് എന്നാണ് വിവരം. കൊയിലാണ്ടി കൊല്ലം ഔവർ കോളേജിന് മുകളിൽ വച്ചാണ് യോഗം ചേർന്നത്. യോഗത്തിൽ മഹിളാ കോൺഗ്രസിൻറെ ജില്ലാ ജനറൽ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ വനിതാ നേതാവും, ബാങ്കിലെ ജീവനക്കാരിയും ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായ ആളും, കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ടും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു എന്നാണ് അറിയുന്നത്.
നിലവിൽ ബ്ലോക്ക് പ്രസിഡണ്ടായി താൽക്കാലിക ചുമതല നൽകിയ പി. രത്നവല്ലി ടീച്ചറെ മാറ്റി രണ്ടു ഗ്രൂപ്പുകൾക്കും സ്വീകാര്യനായ പുതിയ ആളെ പ്രസിഡണ്ടാക്കി പ്രശ്നം പരിഹരിക്കാൻ ഒരു വിഭാഗം നീക്കം നടത്തുന്നുമുണ്ട്. അത് വിജയിക്കണമെങ്കിൽ ഡിസിസി നേതൃത്വവും വട്ടുവീഴ്ചക്ക് തയ്യാറാകേണ്ടിവരുമെന്നാണ് ഈ വിഭാഗവും പറയുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമായ സാഹചര്യത്തിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയം സമ്മാനിക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ ആശങ്ക അറിയിച്ചു. 
Share news