KOYILANDY DIARY.COM

The Perfect News Portal

കാലാവസ്ഥാവ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും സമുദ്രജൈവ വൈവിധ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായി ശാസ്ത്രജ്ഞര്‍

കാലാവസ്ഥാവ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും സമുദ്രജൈവ വൈവിധ്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നതായി ശാസ്ത്രജ്ഞര്‍. ഇന്ത്യയുള്‍പ്പെടെ 19 രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കിടയില്‍ നടത്തിയ ആഗോള സര്‍വെയിലാണ് ഈ കണ്ടെത്തല്‍. ലോക സമുദ്രദിനത്തിന് (ജൂണ്‍ 8) മുന്നോടിയായി മറൈന്‍ സ്റ്റിവാര്‍ഡ്ഷിപ് കൗണ്‍സിലാണ് (എം എസ് സി) 58 വിദഗ്ധര്‍ക്കിടയില്‍ സര്‍വേ നടത്തിയത്. 

കാലാവസ്ഥാവ്യതിയാനമാണ് കടല്‍ ആവാസവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കടലില്‍ ചൂട് കൂടല്‍, സമുദ്രനിരപ്പ് ഉയരല്‍ തുടങ്ങിയവ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ്. മാലിന്യം, ആവാസകേന്ദ്രങ്ങളിലെ മാറ്റങ്ങള്‍ എന്നിവയും പ്രധാന ഭീഷണികളാണ്. സമുദ്രോപരിതല താപനില കൂടുന്നതും ചുഴലിക്കാറ്റുകളിലുണ്ടായ വര്‍ധനവും പ്രധാന വെല്ലുവിളികളാണെന്ന് ഇന്ത്യയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇത് കടലിലെ ഭക്ഷ്യശൃംഖലയെ ദോശകരമായി ബാധിക്കുന്നു. അതുവഴി മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ഭീഷണിയാകുന്നു.

 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് കൂടിവരികയാണ്. ഇതാണ് ചുഴലിക്കാറ്റുകള്‍ പോലുള്ളവ വര്‍ധിക്കാനിടയാക്കുന്നത്. കടലില്‍ ചൂട് കൂടുന്നത് മീനുകളുടെ ഉല്‍പാദനക്ഷമതയെ സാരമായി ബാധിക്കുന്നു. വാണിജ്യ പ്രാധാന്യമുള്ള പല മീനുകള്‍ കുറയാനും കാരണമാകുന്നുണ്ടെന്ന് സസ്റ്റയിനബിള്‍ സീഫുഡ് നെറ്റ് വര്‍ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ. സുനില്‍ മുഹമ്മദ് പറഞ്ഞു. അദ്ദേഹമുള്‍പ്പെടെ മൂന്ന് പേരാണ് ഇന്ത്യയില്‍ നിന്ന് സര്‍വേയില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

Advertisements

 

ഇന്ത്യയുടെ സമുദ്രമത്സ്യ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്ലാസ്റ്റിക് മാലിന്യമാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. കരയില്‍ നിന്നും ധാരാളമായി പ്ലാസ്റ്റിക്കുകള്‍ കടലിലെത്തുന്നത് വര്‍ധിച്ചുവരികയാണ്. തീരക്കടലുകളിലെ മത്സ്യബന്ധനം നടത്തുന്ന ചെറുകിട മത്സ്യത്തൊഴിലാളികളെ ഇത് സാരമായി ബാധിക്കുന്നു. തീരക്കടലുകളില്‍ നിന്നുള്ള മത്സ്യബന്ധനവലകളില്‍ 5 ശതമാനം വരെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങിയിരിക്കുന്നതായും സര്‍വേ ഫലം പറയുന്നു.

 

കുഫോസ് വകുപ്പ് മേധാവി ഡോ എം കെ സജീവന്‍, കുസാറ്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ എസ് ബാബു എന്നിവരാണ് ഇന്ത്യയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത മറ്റ് രണ്ട് പേര്‍. ശരിയായ ഫിഷറീസ് മാനേജ്മെന്റും പാരിസ്ഥിതിക ശ്രദ്ധയുമുണ്ടയാല്‍ സമുദ്രമേഖലയിലെ ഇത്തരം ഭീഷണികള്‍ ഒരു പരിധിവരെ ചെറുക്കാമെന്ന് ഇവര്‍ പറഞ്ഞു. വെല്ലുവിളികളെ നേരിടാന്‍ ശാസത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റം പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. അന്താരാഷ്ട്ര ഉടമ്പടികളും നയരൂപീകരണങ്ങളും ആവശ്യമാണ്-സര്‍വേ ചൂണ്ടിക്കാട്ടി. സുസ്ഥിര മത്സ്യബന്ധനരീതികള്‍ക്കും സീഫുഡ് വിതരണ ശൃംഖലക്കും ആഗോളതലത്തില്‍ അംഗീകൃത മാനദ്ണ്ഡങ്ങള്‍ നിശ്ചയിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയാണ് എം എസ് സി.

Share news