ശബരിമല യുവതീപ്രവേശനം; പുനഃ പരിശോധന ഹർജികൾ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്
.
ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഇതിനായി ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചിനെ രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകുന്നത്. ഹർജികൾ തരംതിരിച്ച് ഏപ്രിൽ ഏഴ് മുതൽ വാദം തുടങ്ങും. മാർച്ച് പതിനാലിന് മുമ്പ് വാദങ്ങൾ എഴുതിനൽകണമെന്ന് ചീഫ് ജസ്റ്റിസ് വിവിധ കക്ഷികൾക്ക് നിർദേശം നൽകി.

ഏപ്രിൽ 21ന് അധിക വാദം ഉണ്ടെങ്കിൽ സമർപ്പിക്കാമെന്നും സുപ്രീംകോടതി നിർദേശിച്ചു. പുനഃപരിശോധനാ ഹർജികളെ പിന്തുണയ്ക്കുന്നുവെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ നിലപാട് അറിയിച്ചിരിക്കുന്നത്. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾക്ക് ഒപ്പമാണ് തങ്ങൾ എന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇനി കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നിലപാട് എന്താണെന്നുള്ളതാണ് വ്യക്തമാകാൻ ഉള്ളത്.

പഴയ 9 അംഗ ബെഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരോട് പറഞ്ഞു. കോവിഡ് കാരണമാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത് എന്നും നിലവിലെ എഴു ചോദ്യത്തിന് പുറമെ കൂടുതൽ ചോദ്യങ്ങൾ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നിർഭാഗ്യകരമായ സാഹചര്യങ്ങളിലാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത്. അഞ്ചംഗ ബഞ്ച് 9 അംഗ ബെഞ്ചിന് കേസ് വിട്ടത് ശരിയെന്ന് നേരത്തെ തീർപ്പായതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.




