ശബരിമല മകരവിളക്ക് മഹോത്സവം: തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

ശബരിമല: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങളിൽ ശബരിമല. മകരവിളക്ക് ദിവസം 1.5 ലക്ഷം മുതൽ രണ്ട് ലക്ഷം പേരെയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള 2,500 പൊലീസുകാർക്ക് പുറമേ 250 പേർ കൂടി സന്നിധാനത്തുണ്ടാകും. മകരവിളക്ക് ദിവസം പകൽ 11.30ന് ശേഷം പമ്പയിൽനിന്ന് സന്നിധാനത്തേക്ക് തീർഥാടകരെ വിടില്ല. മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്താൻ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകന യോഗംചേർന്നു.125 അംഗ ബോംബ് സ്വാഡും റാപ്പിഡ് ആക്ഷൻ ഫോഴ്സും എൻഡിആർഎഫ് സംഘവും പൊലീസ് കമാൻഡോകളും സുരക്ഷക്ക് രംഗത്തുണ്ടാകും.
സന്നിധാനത്തെയും പരിസരങ്ങളിലെയും ബാരിക്കേഡുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ ശനിയാഴ്ച പൂർത്തിയാക്കും. വനാതിർത്തികളിലും വനപ്രദേശത്തും സംയുക്ത പരിശോധന ശക്തമാക്കും. മകരവിളക്കുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ സംയുക്ത പരിശോധന ദേവസ്വം സ്പെഷ്യൽ കമ്മീഷണറുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് നടക്കും.

തിരുവാഭരണ ഘോഷയാത്ര
ഇന്ന് പുറപ്പെടും
മകരവിളക്ക് ഉത്സവത്തിന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവുമായി ഘോഷയാത്ര ശനിയാഴ്‌ച പന്തളത്തുനിന്ന് പുറപ്പെടും. 15- ന് വൈകിട്ട് സന്നിധാനത്ത് എത്തും.പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രം അടച്ചിട്ടിരിക്കുകയാണ്. അതിനാൽ ആഭരണ പേടകങ്ങൾ ക്ഷേത്രത്തിലേക്ക് മാറ്റുന്നതിന് പകരം കൊട്ടാരം പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് രാവിലെ ഏഴോടെ പേടക വാഹകസംഘം എത്തിക്കും. പകൽ ഒന്നിന് ഘോഷയാത്ര പുറപ്പെടും. മണികണ്ഠനാൽത്തറ വരെ ചെണ്ടമേളവും സ്വീകരണങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇത്തവണ കൊട്ടാരത്തിലെ മുതിർന്ന അംഗത്തിന്റെ പ്രതിനിധി ഘോഷയാത്രയ്ക്ക് ഉണ്ടാകില്ല.

ശബരിമലയിലേക്കുള്ള യാത്രയിൽ പല സ്ഥലത്തും താവളങ്ങളിലും ശബരിമലയിലും രാജ പ്രതിനിധിയുടെ കാർമികത്വത്തിൽ നടക്കേണ്ട ചടങ്ങുകളുണ്ട്. ഇതും ഉണ്ടാകില്ല. ആചാരപരമായ തടസ്സങ്ങൾ കഴിയുന്ന 17ന് ശേഷം ശബരിമലയിൽ നടക്കുന്ന ചടങ്ങുകളിൽ കൊട്ടാരം നിയോഗിക്കുന്ന അംഗങ്ങൾ പങ്കെടുക്കും.
തിരുവാഭരണ പേടകം സുരക്ഷാമുറിയിൽനിന്ന് പുറത്തെടുക്കുന്നത് മുതൽ ആഭരണപേടകങ്ങൾ ശിരസ്സിലേറ്റി ഘോഷയാത്ര പുറപ്പെടുന്നത് വരെയുള്ള കാര്യങ്ങൾക്ക് കൊട്ടാരത്തിലെ തടസങ്ങളില്ലാത്ത മറ്റംഗങ്ങൾ ആണ് നേതൃത്വം നൽകുക.

വ്യൂ പോയിന്റുകളിൽ സൗകര്യം
ഉറപ്പാക്കണമെന്ന് ഹൈക്കോടതി
മകരവിളക്ക് ദർശനത്തിന് വ്യൂ പോയിന്റുകളിൽ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സുരക്ഷയും കുടിവെള്ളമടക്കം സൗകര്യങ്ങളും ഉറപ്പാക്കണം. ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജഡ്‌ജിമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
പതിനാലിനും 15നും സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. ഈ ദിവസങ്ങളിൽ വെർച്വൽ ക്യൂ ബുക്കിങ് 50000, 40000 എന്നിങ്ങനെ പരിമിതപ്പെടുത്തി. 15ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കലിൽനിന്ന് തീർഥാടകരെ കടത്തിവിടില്ല. 9.30നുശേഷം പമ്പയിൽനിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് വിടില്ല. തിരുവാഭരണ യാത്രയുടെ ഭാഗമായും നിയന്ത്രണം ഏർപ്പെടുത്തിയതായി സർക്കാർ വ്യക്തമാക്കി. ശബരിമലയിലേക്ക് 400 ബസുകൾ അനുവദിച്ചതായി കെഎസ്ആർടിസി അറിയിച്ചു.
പൊലീസ് മേധാവി ഇന്ന് ശബരിമലയിൽ
മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ശനിയാഴ്ച ശബരിമലയിലെത്തും. രാവിലെ ഒമ്പതിന് നിലയ്ക്കലിൽ എത്തുന്ന അദ്ദേഹം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അവലോകന യോഗങ്ങളിലും പങ്കെടുക്കും.
