KOYILANDY DIARY.COM

The Perfect News Portal

ശബരിമല സ്വർണമോഷണക്കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ എസ്ഐടി അന്വേഷിക്കും

.

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ പ്രതി തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അന്വേഷിക്കും. തട്ടിപ്പിലൂടെ തന്ത്രി സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും തന്ത്രിയെ ചോദ്യം ചെയ്യും.

ശബരിമലയിലെ സ്വർണമോഷണക്കേസിൽ തന്ത്രിക്ക് നേരിട്ട് പങ്കുള്ളതായി എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സ്വർണമോഷണത്തെക്കുറിച്ച് കൃത്യമായി അറിയാമായിരുന്നെന്ന് തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കണ്ഠരര് രാജീവര് സമ്മതിച്ചു. ദ്വാരപാലക ശിൽപപാളി കേസിലും കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന്‌ തെളിവും മൊഴിയും എസ്‌ഐടിക്ക് നേരത്തെ ലഭിച്ചിരുന്നു.

Advertisements

പഴയ കൊടിമരത്തിലെ വാജിവാഹനം കടത്തിയ കേസിലും കണ്‌ഠര്‌ രാജീവർക്കെതിരെ നിർണായക തെളിവുകളുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും ശ്രമിക്കുന്നുണ്ട്. കണ്ഠരര് രാജീവർക്ക് സ്വർണമോഷണക്കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. പലപ്പോഴായി വൻ തുകകൾ കൈപ്പറ്റിയതായാണ് വിവരം.

ഇവർ പരിചയപ്പെടുത്തിയ മറ്റ് ചിലർ വഴിയും സാമ്പത്തിക ഇടപാടുകൾ നടന്നതിന്റെ തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുന്നു. കേരളത്തിന് പുറത്ത് ചില ബിസിനസുകളിലും കണ്ഠര് രാജീവർക്ക് നിക്ഷേപമുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ 2004 ൽ ശബരിമലയിലെത്തിച്ചത് അന്ന് ശബരിമല തന്ത്രിയുടെ ചുമതലയുണ്ടായിരുന്ന കണ്ഠരര് രാജീവരാണ്.

 

Share news