ശബരിമല സ്വർണ മോഷണ കേസ്: തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കും
.
ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി. സ്വർണ്ണം മോഷ്ടിച്ചതുവഴി തന്ത്രി സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി തന്ത്രിയുടെയും പോറ്റിയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിക്കും. ഒപ്പം, തന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്താനും സാധ്യതയുണ്ട്. തന്ത്രിയുടെ ചെങ്ങന്നൂരിലെ വീടടക്കം പരിശോധനയിൽ ഉൾപ്പെടും. കൂടാതെ, തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനും എസ്ഐടി തീരുമാനിച്ചു.

അതേസമയം, ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരെ ഈ മാസം 23 വരെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് തട്ടിപ്പ് നടത്താൻ കൂട്ടു നിന്ന തന്ത്രി ആചാര ലംഘനം നടത്തിയെന്ന് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു.

ആചാരപരമായ കാര്യങ്ങളിൽ ശബരിമലയുടെ അവസാന വാക്കായ തന്ത്രി കണ്ഠരര് രാജീവര് ശബരിമല സ്വർണ മോഷണത്തിന് കൂട്ടു നിന്നു, ആചാര ലംഘനം നടത്തി കട്ടിള പാളി കൊണ്ടു പോകുന്നത് ആചാര ലംഘനമാണെന്നറിഞ്ഞിട്ടും വിലക്കിയില്ല, ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ല എന്നീ കാര്യങ്ങളാണ് റിമാൻഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.




