ശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി
.
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡണ്ട് എ പദ്മകുമാറിന്റെ ജാമ്യപേക്ഷ തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക ശില്പങ്ങളുടെ കേസിലാണ് വിധി പറഞ്ഞത്. സ്വർണക്കൊള്ളക്കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടേയും മുരാരി ബാബുവിന്റേയും റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്.

മുരാരി ബാബുവും ഉണ്ണികൃഷ്ണൻ പോറ്റിയും വീണ്ടും ജാമ്യാപേക്ഷ നൽകി. രണ്ടു കേസുകളിലും നൽകിയ ജാമ്യപേക്ഷ ഈ മാസം 14 ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. എ പത്മകുമാർ ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തൽ. പ്രോസിക്യൂഷൻ ഇത് കോടതിയെ അറിയിച്ചത്. അതുകൊണ്ട് നിലവിൽ ജാമ്യം നൽകിയാൽ കേസിന് തിരിച്ചടിയാകുമെന്ന് അന്വേഷണസംഘത്തിന്റെ അഭിപ്രായം. ഇതും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

തട്ടിപ്പിനായി മിനുട്സിൽ എ പത്മകുമാർ ബോധപൂർവ്വം തിരുത്തൽ വരുത്തുകയായിരുന്നുവെന്നാണ് എസ് ഐ ടി കോടതിയിൽ വ്യക്തമാക്കിയത്. സ്വർണ്ണപ്പാളികൾ കൊടുത്തു വിടാൻ തന്ത്രി അനുമതി നൽകിയെന്ന എ പത്മകുമാറിന്റെ വാദം നിലനിൽക്കില്ലെന്നും കോടതിയിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജൂഡിഷ്യൽ കസ്റ്റഡിയിലുള്ളവർ കസ്റ്റഡിയിൽ തുടരട്ടെയെന്നാണ് കോടതിയുടെ നിലപാട്.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായകമായ ശാസ്ത്രീയ പരിശോധനാഫലം നാളെ ലഭിക്കും. ബെല്ലാരിയിലെ വ്യാപാരി ഗോവർധനവിൽ നിന്ന് കണ്ടെത്തിയ സ്വർണം ശബരിമലയിലേത് ആണോ എന്ന് സ്ഥിരീകരിച്ചാൽ സ്വർണ്ണം വീണ്ടെടുക്കലിന്റെ ആദ്യപടിയായി ഇത് മാറും.



