ശബരിമല സ്വർണ്ണക്കൊള്ള: തുടർ അറസ്റ്റിലേക്ക് കടക്കാൻ SIT; ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം
.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തുടർ അറസ്റ്റിലേക്ക് ഉടൻ കടക്കാൻ എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെ. പി ശങ്കർദാസും എൻ. വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി എ പത്മകുമാറിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം. എ പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക സാമ്പത്തിക രേഖകൾ പിടിച്ചെടുത്തു.

പത്തനംതിട്ടയിൽ ഭൂമിയും വ്യാപാര സ്ഥാപനങ്ങളും വാങ്ങി. അസ്വഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിന് ലഭിച്ചെന്നും എസ്ഐടിയുടെ കണ്ടെത്തൽ. കേസിൽ കെ. പി ശങ്കർദാസും എൻ. വിജയകുമാറും നിരീക്ഷണത്തിലാണ്. എല്ലാം എ. പത്മകുമാർ മാത്രം തീരുമാനിച്ചത് എന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാൽ ഇവരുടെ മൊഴി പൂർണമായും വിശ്വസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച നടക്കുന്ന ചോദ്യം ചെയ്യൽ നിർണായകം. ഉണ്ണികൃഷ്ണൻ പോറ്റിയെ പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെ ഉച്ചയോടുകൂടിയാണ് പത്മകുമാറിന്റെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷമാണ് രേഖകൾ എസ്ഐടി പിടിച്ചെടുത്തത്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഉൾപ്പെടെയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. എ പത്മകുമാറിന്റെ മൊഴിയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഉൾപ്പെടുന്നുണ്ട്. അതിനാൽ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം.

ഇത് വരെയുള്ള അന്വേഷണത്തിൽ സ്വർണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരൻ എ. പത്മകുമാർ എന്ന വിലയിരുത്തലിലാണ് എസ്ഐടി അറസ്റ്റിലേക്ക് കടന്നത്. റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാർ നടത്തിയ ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം വിട്ടു നൽകുന്നതിൽ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുൻപ്, സ്വന്തം കൈപ്പടയിൽ സ്വർണ്ണപ്പാളി ചെമ്പു പാളിയെന്ന് പത്മകുമാർ എഴുതി ചേർത്തു. ദേവസ്വം യോഗത്തിൽ സ്വർണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാറാണ്.



