ശബരിമല സ്വർണമോഷണ കേസിൽ എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ഹാജരായി
.
ശബരിമല സ്വർണമോഷണ കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. രേഖകളും സമൻസിൻ്റെ പകർപ്പും പരിശോധിച്ച ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കേസിൽ നാലാം പ്രതിയാണ് ജയശ്രീ. ശബരിമല ദ്വാരപാലക ശിൽപത്തിൻറെ സ്വർണപാളികൾ മാറ്റിയതിൽ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൊണ്ടു പോകാൻ മിനിട്സിൽ ജയശ്രീ മാറ്റം വരുത്തിയെന്നും ആരോപണമുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റിയും ജയശ്രീയും തമ്മിൽ സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് ഇ ഡി യുടെ ചോദ്യ ചെയ്യൽ. കേസിൽ ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിരുന്നു. ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നുമാണ് ജയശ്രീയുടെ വിശദീകരണം.

ഇടനിലക്കാരനായി പ്രവർത്തിച്ച കൽപേഷിനെയും ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചിട്ടുണ്ട്. ഉണ്ണി കൃഷ്ണൻ പോറ്റി എത്തിച്ച സ്വർണം ചെന്നൈ സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർധന് എത്തിച്ചു നൽകിയത് കൽപേഷ് എന്നാണ് കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാൻ നടൻ ജയറാമിനോട് ചൊവ്വാഴ്ച്ച കൊച്ചിയിലെ ഓഫിസിലെത്തി മൊഴി നൽകാൻ ഇ. ഡി ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ ഇഡിയുടെ ഭാഗത്തുനിന്ന് കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.




